കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികൾക്കായി പൊലീസ് അന്വേഷണം അന്യസംസ്ഥാനത്തെയ്ക്കും വ്യാപിപ്പിച്ചു. യുവാവിനെ തട്ടികൊണ്ടു പോകുന്ന ദൃശ്യങ്ങൾ ക‍ഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആകെയുള്ള പത്ത് പ്രതികളിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു.

കൊച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷമാണ് അനന്തുവിന്‍റെ കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്നത്.

ചെണ്ട കൊട്ടാനെത്തിയ പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിൽ. ഇവരിൽ ബാലു, റോഷൻ എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ബാക്കിയുള്ള എട്ട് പേരിൽ ചിലർ അന്യ സംസ്ഥാനത്തെയ്ക്ക് കടന്നതായാണ് സൂചന. ഇവരെ കണ്ടെത്താനായി പല സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

അന്യസംസ്ഥാനത്തെയ്ക്കടക്കം അന്വേഷണം വ്യാപിപ്പിച്ചു. അനന്തുവിനെ ബൈക്കിലിരുത്തി പ്രതികൾ കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ദൃശ്യങ്ങളിൽ പ്രതി ബാലുവാണ് അനന്തുവിനെ തട്ടികൊണ്ടു പോകുന്ന ബൈക്ക് ഓടിച്ചത്. മൂന്നര മണിക്കൂറോളം അനന്തുവിനെ ക്രൂരമായി കാട്ടിൽ കൊണ്ടുപോയി സംഘം മർദ്ദിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

കൊലപാതകം നടത്തിയ സ്ഥലത്ത് വച്ച് മുഖ്യപ്രതികളിലൊരാളുടെ ജൻമദിനാഘോഷം നടത്തിയതിന്‍റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടൂണ്ട്. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്‍റെ തൊട്ടുമുൻപാണ് നടന്ന ആഘോഷങ്ങളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കൊല നടത്തി അനന്തുവിന്‍റെ മൃതദേഹം ഉപേക്ഷിച്ചതും കാട്ടിനുള്ളിലെ ഇതേ സ്ഥലത്താണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ് പ്രതികള്‍ എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. ദേഹമാസകലമുണ്ടായ മുറിവുകളാണ് അനന്തുവിന്‍റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദേശിച്ചു.