” മമതാ ദീദിയുടെ 41 ശതമാനം സംവരണപ്പട്ട് ചുറ്റി മറച്ചാലൊന്നും ആ ചോര മറയില്ല” ; സ്ത്രീ വിമോചകയായ ദീദിയുടെ ആരാധകര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മമത സര്‍ക്കാര്‍ 41 ശതമാനം സീറ്റ് നല്‍കിയതില്‍ ഇങ്ങ് മതേതര കേരളത്തില്‍ പോലും പലരും പുളകം കൊള്ളുന്നുണ്ട്. പക്ഷേ അവര്‍ അറിയാത്ത ചില ചരിത്രം ഉണ്ട് മോദിയെ വിറപ്പിക്കുന്ന ദീദിക്ക്.

താന്‍ ട്രെയിനില്‍ ബലാല്‍സംഗത്തിന് ഇരയായി എന്ന് പരാതിപ്പെട്ട സ്ത്രീയെ പൊതുവേദിയില്‍ അത് വെറും നാടകമാണെന്ന് പറഞ്ഞ് അപമാനിച്ച് മമതയെ ചിലപ്പോള്‍ പുകഴ്ത്തുന്നവര്‍ക്ക് ഓര്‍മ്മ കാണില്ല.. അങ്ങനെ മറവിയുള്ളവരെ ഓര്‍മപ്പെടുത്തുകയാണ് അനുപമ മോഹന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ

പോസ്റ്റിന്റെ പൂര്‍ണരൂപം

അഷ്മീര ബീഗം.

33 വയസ്. സിപിഎം, കിസാന്‍ സഭ പ്രവര്‍ത്തക. ബൂത്ത് പിടിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഗൂണ്ടകളുടെ ശ്രമത്തെ ധീരമായി ചെറുക്കുന്നതിനിടെ കൊലചെയ്യപ്പെട്ടു. വയറ്റിലും നെഞ്ചിലും കുത്തേറ്റ് മരിച്ചു.

ദിപാലി ഗിരി.

സിപിഎം, മഹിള അസോസിയേഷന്‍ പ്രവര്‍ത്തക. കമ്യൂണിസ്റ്റ് ആയതിനാല്‍ മിഡ്‌നാപ്പൂരിലെ തൃണമൂല്‍ ഗൂണ്ടകള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.

പൂര്‍ണിമ ഗോറ

2011 മെയ് ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളില്‍ സിപിഎമ്മിന്റെ ആദ്യ രക്തസാക്ഷി. പൂര്‍ണിമയുടെ മകളെയും മകളുടെ ചെറിയ മകളെയും കൂടി തൃണമൂല്‍ ക്രിമിനലുകള്‍ ഭീകരമര്‍ദ്ദനത്തിനിരയാക്കി.

കൊല്ലപ്പെട്ടവര്‍. പാതിജീവനുമായി ശേഷിക്കുന്നവര്‍. ബലാത്സം ചെയ്യപ്പെട്ടവര്‍. ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടവര്‍. വീടുകളില്‍നിന്ന് ഇറക്കപ്പെട്ടവര്‍.

പട്ടിക ഇനിയും നീളും.

ഓര്‍ക്കുന്നുണ്ടോ, കട്വയില്‍ ട്രെയിനില്‍ താന്‍ കൂട്ടബലാത്സം ചെയ്യപ്പെട്ടു എന്ന് പരാതിപ്പെട്ട ഒരു സ്ത്രീയെ ? സ്ത്രീ വിമോചകയായ ദീദി അന്ന് പൊതുവേദിയില്‍ പറഞ്ഞത് അത് അവരുടെ നാടകമാണെന്നും, അവരുടെ ഭര്‍ത്താവ് സിപിഎം കാരനാണ് നാടകത്തിന് പിന്നിലെന്നുമാണ്. ബലാത്സംഗം പരാതിപ്പെടുന്ന ഒരു സ്ത്രീയെക്കുറിച്ച് ! അതും, 11 വര്‍ഷമായി വിധവയായിരുന്ന ഒരുവളെക്കുറിച്ച്. ആ കേസ് എവിടെയും പിന്നെ എത്തിയില്ല. കോടതിയുടെ രൂക്ഷവിമര്‍ശനം കിട്ടിയ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് രാജിവയ്‌ക്കേണ്ടിയും വന്നു.

സ്ത്രീകളും പുരുഷന്മാരും തുറന്ന് ഇടപഴകുന്നതുകൊണ്ടാണ് ബലാത്സംഗം നടക്കുന്നതെന്ന് പറഞ്ഞ മമതയെ ഓര്‍മയില്ല ? റേപ്പില്‍ മാത്രം ശ്രദ്ധിച്ചുനടക്കുന്ന മീഡിയയും സിപിഎമ്മും സംസ്ഥാനത്തെ നാണംകെടുത്തുകയാണെന്ന് പറഞ്ഞ വനിതാമുഖ്യമന്ത്രിയെ മറന്നുപോയോ ?

മറന്നുകാണും.

പക്ഷേ, മറക്കാത്തവരുണ്ട്. അവരുടെ ഓര്‍മകളാണ്, ചോരകൂടിയാണ് എനിക്ക് വിമോചന രാഷ്ട്രീയം.

മമതാ ദീദിയുടെ 41 ശതമാനം സംവരണപ്പട്ട് ചുറ്റി മറച്ചാലൊന്നും ആ ചോര മറയില്ല. ആ പിച്ചയില്‍ പുളകംകൊള്ളാന്‍ ഓടുന്നവരെ നിഷ്‌കളങ്കരെന്ന് തെറ്റിധരിച്ചിട്ടുമില്ല.

ഇതൊന്നും മറക്കുകയുമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here