കോണ്‍ഗ്രസ്‌ നേതാവ്‌ ടോം വടക്കന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് സോണിയയുടെ ഉറ്റ അനുയായി; അംഗത്വം സ്വീകരിച്ചത് രവിശങ്കര്‍ പ്രസാദില്‍ നിന്ന്

മുന്‍ എഐസിസി വക്താവും മലയാളിയുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ രവിശങ്കര്‍ പ്രസാദില്‍ നിന്നും ആണ് അംഗത്വം സ്വീകരിച്ചത്. രവിശങ്കര്‍ പ്രസാദ് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് പ്രഖ്യാപിച്ചത്.

അംഗത്വമെടുത്തശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ടോം വടക്കന്‍ നടത്തിയത്.

‘കോണ്‍ഗ്രസില്‍ നിരവധി അധികാര കേന്ദ്രങ്ങളുണ്ട്.  ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന നിലപാടുകളാണ് കോണ്‍ഗ്രസ് പലപ്പോ‍ഴും എടുക്കുന്നത്.  അതിനാല്‍ പാര്‍ട്ടിവിടുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലായിരുന്നു. പുല്‍വാമ ആക്രമത്തിലെ കോണ്‍ഗ്രസ് നിലപാടുകളും ഞെട്ടിച്ചു”. ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിവിടുന്നതെന്നും വടക്കന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് വക്താവും എഐസിസി സെക്രട്ടറിയുമായിരുന്നു ടോം വടക്കന്‍.ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സോണിയഗാന്ധിയുടെ ഉറ്റ അനുയായിയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേര്‍ന്നതെന്നത് ശ്രദ്ധേയമാണ്.

ഗാന്ധി കുടുംബത്തിന്‍റെ, ഉറ്റ അനിയായിയായ ടോം വടക്കന്‍ നിരവധിത്തവണ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും, തള്ളപ്പെടുകയായിരുന്നു.

കേരളഘടത്തിന് സമ്മതനായിരുന്നില്ലെന്നതാണ് വടക്കന് വിനയായത്. നേരത്തെ 2009ല്‍ തൃശൂരില്‍ നിന്നും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയായി ഹെെക്കമാന്‍റ് നിര്‍ദ്ദേശിച്ച പേര് വടക്കന്‍റേതായിരുന്നു. എന്നാല്‍  പ്രദേശിക കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വടക്കന് സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു. അന്നത്തെ കുറ്റിച്ചൂല്‍ പ്രയോഗം കോണ്‍ഗ്രസില്‍  ഏറെ വിവാദമായിരുന്നു.

തൃശൂര്‍ സ്വദേശിയായ വടക്കന്‍ ഇനി ബിജെപി സ്ഥാനാര്‍ഥിയായി കേരളത്തില്‍ മത്സരിക്കുമോയെന്നാണ് ഉറ്റു നോക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News