കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍സെക്രട്ടറിമാരും മുന്‍ മുഖ്യമന്ത്രിമാരും എംപിമാരുമടക്കം എംഎല്‍എമാരും അടക്കം നൂറിലേറെ പ്രമുഖ നേതാക്കളാണ് അഞ്ചു വര്‍ഷത്തിനിടെ ബിജെപിയിലേക്ക് ചേക്കേറിയത്.

ഈ പട്ടികയിലെ പുതിയ പേരാണ് ടോം വടക്കന്‍. മുന്‍ മുഖ്യമന്ത്രിമാരായ എസ് എം കൃഷ്ണ, വിജയ് ബഹുഗുണ, ജഗദാംബികാ പാല്‍ എന്നിവര്‍ക്ക് ഒരു സുപ്രഭാതത്തില്‍ ബിജെപിയിലേക്ക് പോകാന്‍ ഒട്ടും മടിയുണ്ടായില്ല.

യുപിയിലെ പിസിസി പ്രസിഡന്റായിരുന്ന റീത്ത ബഹുഗുണ ജോഷി ഇപ്പോള്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ മന്ത്രി. തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവും ആന്ധ്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ ദാമോദര്‍ രാജ നരസിംഹ റെഡ്ഡിയുടെ ഭാര്യ പത്മിനി റെഡ്ഡി ഇപ്പോള്‍ ബിജെപി നേതാവാണ്.

യുപിഎ മന്ത്രിസഭയില്‍ എ കെ ആന്റണിക്കുകീഴില്‍ പ്രതിരോധ സഹമന്ത്രിയായിരുന്ന റാവു ഇന്ദ്രജിത് സിങ് ഇപ്പോള്‍ ബിജെപി നേതാവും മോദി മന്ത്രി സഭയില്‍ സഹമന്ത്രിയുമാണ്.

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതാക്കളായിരുന്ന സത്യപാല്‍ മഹാരാജ്, ഭാര്യ അമൃത റാവത്, മുന്‍ സ്പീക്കര്‍ യശ്പാല്‍ ആര്, മുന്‍ മന്ത്രി ഹരക് സിങ് റാവത്, സുബോധ് ഉണ്യാല്‍, പ്രണവ്‌സിങ് എന്നിവര്‍ ഇപ്പോള്‍ ബിജെപിയിലാണ്.

മേഘാലയയിലെ ആരോഗ്യമന്ത്രി അലക്‌സാണ്ടറും കോണ്‍ഗ്രസ് മുന്‍ നേതാവാണ്. അസമിലെ മന്ത്രിമാരായ ഹിമന്ത ബിശ്വ ശര്‍മയും പല്ലഭ് ലോചന്‍ ദാസും ബിജെപിയിലെ മുന്‍ കോണ്‍ഗ്രസുകാരാണ്.

യന്‍തുങ്കോ നാഗാലാന്‍ഡില്‍ മന്ത്രിപദവി ലഭിച്ച മുന്‍ കോണ്‍ഗ്രസ് നേതാവാണ്. കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി എത്തിയ എംഎല്‍എമാരുടെ ബലത്തിലാണ് അരുണാചല്‍പ്രദേശ്, മണിപ്പുര്‍, ത്രിപുര, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണത്തിലേറിയത്.

ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസിനെ ഒന്നടങ്കം ബിജെപി വിലയ്‌ക്കെടുത്തു. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ രത്തന്‍ലാല്‍നാഥാണ് ഇപ്പോള്‍ ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി.

അസമില്‍ തരുണ്‍ ഗൊഗോയ് നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശര്‍മ 2016ലാണ് ബിജെപിയിലെത്തിയത്. അസമിലെ പല ജില്ലകളിലും കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയെ നയിക്കുന്നത്. കഴിഞ്ഞദിവസം മുന്‍മന്ത്രി ഗൗതം റോയ്, മുന്‍ എംപി കരിപ് ചാലിഹ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

അരുണാചല്‍പ്രദേശില്‍ കൂറുമാറിയ 34 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്ന് സംസ്ഥാന ഭരണ നേതൃത്വത്തിലെത്തി. അങ്ങനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ പേമ കണ്ഡു ബിജെപിയുടെ മുഖ്യമന്ത്രിയായി.

ലോക്‌സഭാ തെരരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് എംഎല്‍എ മരിക്കോ ടാഡോ ബിജെപിയില്‍ ചേര്‍ന്നു.

60 അംഗ മണിപ്പുര്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 28ഉം ബിജെപിക്ക് 21ഉം സീറ്റാണുണ്ടായിരുന്നത്. ഇതില്‍ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കാലുമാറിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. ബിജെപി അധികാരത്തിലെത്തി.

ഗോവയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരുന്നു. 40 അംഗ സഭയില്‍ 17 സീറ്റ്. എന്നാല്‍, മന്ത്രിസഭ ഉണ്ടാക്കിയത് ബിജെപിയും. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലെത്തി.

മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രതാപസിങ് റാണെയുടെ മകന്‍ വിശ്വജിത് റാണെ, ആറു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായ സുഭാഷ് ഷിറോദ്കര്‍ എന്നിവരുള്‍പ്പെടെ കൂറുമാറി.

ഉത്തരാഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയടക്കം ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയതാണ് കോണ്‍ഗ്രസ് മന്ത്രിസഭയുടെ പതനത്തിന് കാരണമായത്. ഹിമാചലില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് സുഖ്‌റാമിന്റെ മകനും എംഎല്‍എയുമായ അനില്‍ശര്‍മയടക്കം രണ്ട് എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലെത്തി.

കര്‍ണാടകത്തില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ഉമേഷ് ജാദവ് ബിജെപിയില്‍ ചേര്‍ന്നു. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ മഞ്ചുവാണ് ഹസന്‍ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവും നിയമസഭയിലെ പ്രതിപക്ഷനേതാവുമായ രാധാകൃഷ്ണ വൈഖെ പാട്ടീലിന്റെ മകന്‍ സുജയ് വൈഖെ പാട്ടീലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കാളിദാസ് കോലംബകാരും ബിജെപിയില്‍ ചേര്‍ന്നു.
മൂന്ന് പതിറ്റാണ്ടായി നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ടോം വടക്കന്‍ അപ്രതീക്ഷിതമായി ബിജെപിയില്‍ എത്തിയതിന്റെ ആഘാതത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

രണ്ടു പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് മാധ്യമവിഭാഗം ചുമതലക്കാരനെന്ന നിലയില്‍ കേന്ദ്രനേതൃത്വത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ്. എഐസിസി ഓഫീസിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ കുറിച്ചും സംഘടനാരഹസ്യങ്ങളെക്കുറിച്ചുമെല്ലാം കൃത്യമായ ധാരണ വടക്കനുണ്ട്.

കോണ്‍ഗ്രസിന്റെ ‘വാര്‍ റൂം’ പ്രവര്‍ത്തനങ്ങളും മറ്റും ഏതെല്ലാം രീതിയില്ലെന്ന് ഉത്തമബോധ്യമുള്ള ഒരാള്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എതിര്‍പാളയത്തില്‍ ചേക്കേറിയതിന്റെ അങ്കലാപ്പിലാണ് കോണ്‍ഗ്രസ്.
എണ്‍പതുകളുടെ അവസാനമാണ് നെഹ്‌റുകുടുംബവുമായി വടക്കന്‍ അടുക്കുന്നത്. രാജീവ് ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വിന്‍സന്റ് ജോര്‍ജാണ് ഇതിന് വഴിയൊരുക്കിയത്.

പഠനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ ഡോക്യുമെന്ററി നിര്‍മാണവും മറ്റുമായി വടക്കന്‍ പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലാണ് 1989ല്‍ കോണ്‍ഗ്രസിന്റേതായി ഒരു മാധ്യമവിഭാഗത്തിന് രാജീവ് ഗാന്ധി തുടക്കമിടുന്നത്.

ജോര്‍ജിന്റെ സഹായത്താല്‍ ഈ സമിതിയില്‍ വടക്കന്‍ ഇടംപിടിച്ചു. 1991ല്‍ രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം ജോര്‍ജിനൊപ്പം വടക്കനും സോണിയയുടെ ഔദ്യോഗികവസതിയായ നമ്പര്‍ 10 ജന്‍പഥിലേക്ക് പ്രവര്‍ത്തനം മാറ്റി.

നരസിംഹറാവുവും സീതാറാം കേസരിയും മറ്റും കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തിയതോടെ എഐസിസി ഓഫീസായ 24 അക്ബര്‍ റോഡുമായി വടക്കന്റെ അടുപ്പം കുറഞ്ഞു.

1998ല്‍ സോണിയ കോണ്‍ഗ്രസ് അധ്യക്ഷയായതോടെ വടക്കന്‍ കരുത്തനായി. മാധ്യമ വിഭാഗത്തിന്റെ ചുമതലക്കാരനായി നിയോഗിക്കപ്പെട്ടതോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ മുഖമായി.

എഐസിസിയിലും അധ്യക്ഷയുടെ വസതിയിലും ഒരേ പോലെ സ്വാധീനമുള്ള ചുരുക്കം നേതാക്കളില്‍ ഒരാള്‍. ദേശീയ ചാനലുകളിലും മലയാളം വാര്‍ത്താചാനലുകളിലും കോണ്‍ഗ്രസിനെ പ്രതിരോധിക്കുന്ന വക്താവായും തിളങ്ങി. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യമുള്ള വടക്കന്റെ ആംഗലേയം കലര്‍ന്ന മലയാളവും ചാനല്‍ ചര്‍ച്ചകളില്‍ ശ്രദ്ധിക്കപ്പെട്ടു.

2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഡല്‍ഹിയിലെ അധികാര ഇടനാഴികളില്‍ വടക്കന്‍ കരുത്താര്‍ജ്ജിച്ചു.

10 ജന്‍പഥിന് പുറമെ റേസ്‌കോഴ്‌സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലും ഏതുസമയവും വടക്കന് കയറിയിറങ്ങാമായിരുന്നു. സോണിയയുടെ വിശ്വസ്തനെന്ന നിലയില്‍ പ്രധാനമന്ത്രി കാര്യാലയത്തില്‍ വലിയ പരിഗണനയാണ് ലഭിച്ചിരുന്നത്. പത്തുവര്‍ഷത്തോളം ഡല്‍ഹിയില്‍ പവര്‍ ബ്രോക്കറായി.

ജനകീയാടിത്തറയില്ലെങ്കിലും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായി വടക്കനും പരിഗണിക്കപ്പെട്ടു. താന്‍ ഇടനിലക്കാരനായി സോണിയയുടെ മുന്നിലെത്തിച്ച പലരും എംപിയും എംഎല്‍എയും മറ്റുമായത് ഇത്തരം താല്‍പ്പര്യങ്ങള്‍ക്ക് കാരണവുമായി.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ മത്സരിക്കാന്‍ വടക്കന്‍ താല്‍പ്പര്യപ്പെട്ടു. സോണിയയെ ബോധ്യപ്പെടുത്തി ഇത് ഏറെകുറെ ഉറപ്പിക്കുകയുംചെയ്തു. എന്നാല്‍ കെപിസിസി ഈ നീക്കത്തിനെതിരെ രംഗത്തുവന്നതോടെ വടക്കന്‍ തെറിച്ചു. 2014ലെ തെരഞ്ഞെടുപ്പിലും ലോക്‌സഭാ സീറ്റിനായി വടക്കന്‍ ശ്രമിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല.

അസംതൃപ്തിയുടേതായ പശ്ചാത്തലത്തിലാണ് വടക്കന്റെ കൂടുമാറ്റമെങ്കിലും കോണ്‍ഗ്രസിന് കനത്ത ആഘാതം തന്നെ. വടക്കന്‍ ഏത് സാഹചര്യത്തിലായാലും പാര്‍ടി വിടുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ടായിരുന്നില്ല.

10 ജന്‍പഥിലെയും എഐസിസി ഓഫീസിലെയും എല്ലാ അരമന രഹസ്യങ്ങളും അറിയുന്ന ഒരാള്‍ ബിജെപി ക്യാമ്പിലെത്തുന്നതിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാകുമെന്ന ആശങ്കയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയെല്ലാം വ്യക്തിജീവിത വിശദാംശങ്ങളെ കുറിച്ചടക്കം വടക്കന് ബോധ്യമുണ്ട്. വടക്കനെ പോലൊരു നേതാവിനെ ഒപ്പം കൂട്ടുന്നത് കൊണ്ട് തെരഞ്ഞെടുപ്പ് നേട്ടമൊന്നും ഉണ്ടാകില്ലെങ്കിലും ‘മറ്റു പല’ പ്രയോജനങ്ങളുമുണ്ടാകുമെന്ന പ്രതീക്ഷയാണ് ബിജെപിയ്ക്കുള്ളത്.

മാത്രമല്ല സോണിയയൂടെ വിശ്വസ്തനായിരുന്ന വടക്കനെ അടര്‍ത്തിമാറ്റുക വഴി കോണ്‍ഗ്രസില്‍നിന്ന് ഏതൊരാളെയും തങ്ങള്‍ക്ക് ചാക്കിടാമെന്ന സന്ദേശം കൂടിയാണ് ബിജെപി നല്‍കുന്നത്.

ഗുജറാത്തില്‍ ഈ മാസം നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
ഗുജറാത്തില്‍ ഒരു മാസത്തിനിടെ നാല് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. മാര്‍ച്ച് എട്ടിനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ ജവഹര്‍ ചാവ്ദ ബിജെപിയില്‍ ചേര്‍ന്നത്.

ചാവ്ദ മന്ത്രിയായി അടുത്ത ദിവസംതന്നെ സത്യപ്രതിജ്ഞ ചെയ്തു. ഹല്‍വാദ്–ധ്രംഗധ്രയില്‍ നിന്നുള്ള എംഎല്‍എ പര്‍സോത്തം സബാരിയയും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. ഉന്‍ഝ എംഎല്‍എ ആശാബെന്‍ പട്ടേല്‍ കഴിഞ്ഞമാസം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ജൂലൈയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുന്‍വര്‍ജി ബവാലിയ രാജിവച്ച് ബിജെപിയില്‍ എത്തിയത്.

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ജാംനഗര്‍ (റൂറല്‍) എംഎല്‍എ വല്ലഭ് ധരാവിയ ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭയിലേക്ക് എഐസിസി ട്രഷറര്‍ അഹമ്മദ് പട്ടേല്‍ മത്സരിച്ചപ്പോള്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് കൂറുമാറിയത്.

ഇതില്‍ ഏഴുപേര്‍ക്കും ബിജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കി. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റും ആദിവാസിവിഭാഗം നേതാവുമായ രാംദയാല്‍ ഉയികെ തെരഞ്ഞെടുപ്പു വേളയിലാണ് ബിജെപിയിലെത്തിയത്. മധ്യപ്രദേശില്‍ ശേഖര്‍ ചൗധരി, സുനില്‍ മിശ്ര എന്നിവരുള്‍പ്പെടെ അരഡസനോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറി.