മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസില്‍ (സിഎസ്ടി) റെയില്‍വേ മേല്‍പ്പാലം തകര്‍ന്ന് അഞ്ച് മരണം. സംഭവത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരക്കേറിയ വൈകുന്നേരം സമയത്താണ് അപകടം നടന്നത്. അപകടത്തില്‍ അപൂര്‍വ്വ പ്രഭു(35), രഞ്ചന തമ്പെ(40), ഷാഹിദ് സിറാജ് ഖാന്‍(32), സരിക കുല്‍ക്കര്‍ണി(35), താപേന്ദ്ര സിങ്(35) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രഭുവും തമ്പെയും ജിടി ആശുപത്രിയിലെ ജീവനക്കാരാണ്. ഈ മേഖലയിലെ ഗതാഗതം പരിപൂര്‍ണമായി സ്തംഭിച്ചിരിക്കയാണ്. ദുരന്തനിവാരണ സേനയുടെ സഹായത്താല്‍ പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.

കാല്‍നടയാത്രക്കാര്‍ക്കുള്ള പാലമാണ് തകര്‍ന്നത്. ഛത്രപതി ശിവജി ടെര്‍മിനസ് പ്ലാറ്റ്‌ഫോം ഒന്നില്‍ നിന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗത്തേക്കുള്ള ബിടി ലെയിനിലെ പാലമാണ് അപകടത്തില്‍ പെട്ടത്.

മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും മഹാരാഷ്ട്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

കാലപ്പഴക്കം ചെന്ന റെയില്‍വേ മേല്പാലങ്ങള്‍ തകര്‍ന്ന് വീണ് ഇതിനു മുന്‍പും നിരവധി പേരുടെ ജീവനാണ് പൊളിഞ്ഞിട്ടുള്ളത്. രണ്ടു വര്‍ഷം മുന്‍പ് എല്‍ഫിന്‍സ്റ്റന്‍ റോഡ് റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജ് അപകടത്തില്‍ 22 പേരാണ് മരണപ്പെട്ടത്.

സമൂഹ മാധ്യമങ്ങളില്‍ ജനരോഷം പ്രകടമാകുന്ന പ്രതികരണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കയാണ്. ബുള്ളറ്റ് ട്രെയിനും ശിവാജി പ്രതിമയുമല്ല യാത്രക്കാരുടെ സുരക്ഷയാണ് സര്‍ക്കാര്‍ ആദ്യം ഉറപ്പാക്കേണ്ടതെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഒരു ലക്ഷം കോടി രൂപയുടെ ബജറ്റില്‍ തുടങ്ങാനിരിക്കുന്ന മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും 3600 കോടി രൂപ ചിലവിട്ട് കടലിന് നടുവില്‍ പണിതുയര്‍ത്താനിരിക്കുന്ന ശിവാജിയുടെ പ്രതിമയുമെല്ലാം രാഷ്ട്രീയ ധൂര്‍ത്തുകളാണെന്നും പലരും പ്രതികരിച്ചു