മുംബൈ മേല്‍പ്പാല ദുരന്തം; രക്ഷാപ്രവര്‍ത്തകരെത്തിയത് 20 മിനുട്ടിന് ശേഷം

മുംബൈ നഗരം മറ്റൊരു മേല്‍പ്പാല ദുരന്തത്തിന് കൂടി സാക്ഷ്യം വഹിക്കുമ്പോള്‍ സമയോചിതമായ രക്ഷാ പ്രവര്‍ത്തനത്തിനുള്ള സജ്ജീകരണങ്ങള്‍ പോലും പരാജയപ്പെടുകയായിരുന്നു.

തൊട്ടടുത്തായി മുംബൈ മുനിസിപ്പല്‍ ആസ്ഥാനവും സെന്‍ട്രല്‍ റെയില്‍വേ മുഖ്യകാര്യാലയവും കൂടാതെ പോലീസ് കമ്മീഷന്‍ ഓഫീസ്, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയവയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടായിരുന്നപ്പോഴും അപകടം നടന്ന് ഏകദേശം 20 മിനുറ്റ് കഴിഞ്ഞതിന് ശേഷമാണ് സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്.

നഗരത്തിന്റെ ഹൃദയഭാഗത്ത് നടന്ന ദുരന്തത്തെ നേരിടാന്‍ പോലും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ പ്രാബല്യത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ് ജനങ്ങളെ രോഷാകുലരാക്കിയത്.

രണ്ടു സ്ത്രീകളടക്കം ആറു പേരുടെ ജീവനെടുത്ത അപകടം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.

അറ്റകുറ്റ പണികള്‍ നടന്നു കൊണ്ടിരിക്കുന്ന പാലത്തിനാണ് അപകടം സംഭവിച്ചത്. പണി നടന്നുകൊണ്ടിരിക്കുന്ന പാലത്തിലൂടെയുള്ള സഞ്ചാരം അനുവദിച്ചതും പാലം അടക്കാതിരുന്നതും ഗുരുതര വീഴ്ചയാണ്. 1980 ല്‍ നിര്‍മ്മിച്ച പാലം പക്ഷെ നഗരത്തില്‍ അടുത്തിടെ നടന്ന സുരക്ഷാ ഓഡിറ്റില്‍ ഇടം നേടിയിരുന്നില്ല.

രാജ്യത്ത് ഏറ്റവും കൂടുതല്‍ നടപ്പാലങ്ങളുള്ള നഗരമാണ് മുംബൈ. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ അന്ധേരി , എല്‍ഫിന്‍സ്റ്റന്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ റയില്‍വേ മേല്‍പ്പാലങ്ങളിലെ അപകടത്തില്‍ 25 പേരോളം മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അപകടം നടക്കുമ്പോള്‍ മാത്രം നടപടികള്‍ സ്വീകരിക്കുകയും പരസ്പരം പഴിചാരി ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്യുന്നതാണ് റെയില്‍വേ അധികൃതരും മുനിസിപ്പല്‍ കോര്‍പ്പറേഷനും അനുഷ്ടിച്ചു വരുന്ന രീതി. ട്വിറ്ററിലൂടെ ഞെട്ടല്‍ രേഖപ്പെടുത്തുന്നതോടെ സര്‍ക്കാര്‍ നടപടികളും കഴിയുന്നു.

രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന മേല്‍പ്പാലത്തിനാണ് ഈ ദുരവസ്ഥ സംഭവിച്ചതെന്നതും വലിയൊരു വീഴ്ചയായി കണക്കാക്കണം. ദിവസേന ഏകദേശം 45 ലക്ഷത്തോളം പേരാണ് സി എസ് ടി റെയില്‍വേ സ്‌റേഷനിലൂടെ യാത്ര ചെയ്യുന്നത്. 2011 ല്‍ അജ്മല്‍ കസബും കൂട്ടാളിയും ചേര്‍ന്ന് 58 പേരെ കൊന്നടുക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു പുറത്തേക്ക് കടന്നത് ഈ മേല്‍പ്പാലം വഴിയായിരുന്നു.

ഒരു ലക്ഷം കോടി രൂപ ചിലവിട്ട് ബുള്ളറ്റ് ട്രെയിനും 3600 കോടി രൂപയുടെ ബജറ്റില്‍ ശിവാജി പ്രതിമയും നിര്‍മ്മിക്കാന്‍ ധൃതി കൂട്ടുന്ന സര്‍ക്കാര്‍ നഗരത്തിലെ പ്രാഥമിക സൗകര്യങ്ങള്‍ പോലും നിഷേധിക്കുന്നതിനോടുള്ള ജനരോഷം സമൂഹ മാധ്യമങ്ങളില്‍ പ്രകടമാണ്. ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്‍ക്ക് കാരണം സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്ന സര്‍ക്കാര്‍ മനോഭാവമാണെന്നും നഗരത്തില്‍ പരക്കെ ചര്‍ച്ച ചെയ്യുന്നു. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News