കൊച്ചി: തന്റെയും കുടുംബത്തിന്റെയും വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിനെന്ന് നടന്‍ വിനയ് ഫോര്‍ട്ട്.

കൊച്ചി മണ്ഡലം കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു വിനയ് ഫോര്‍ട്ട്. എത്രവലിയ പ്രതിസന്ധികളിലും സത്യത്തിന്റെ വഴികളിലൂടെ പി രാജീവ് നമ്മെ സംരക്ഷിക്കുമെന്ന് ഉറപ്പുണ്ട്. അദ്ദേഹത്തിന്റെ കലാലയ രാഷ്ട്രീയചരിത്രങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്നും പി രാജീവിനെ വിജയിപ്പിക്കണമെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

പി രാജീവ് ജയിക്കേണ്ടത് എറണാകുളത്തിന്റെ ആവശ്യമാണെന്ന് നടന്‍ മണികണ്ഠനും പറഞ്ഞു. എറണാകുളത്ത് ഇതിലും മികച്ചൊരു സ്ഥാനാര്‍ഥി മറ്റൊരു പാര്‍ടിക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല. രാജ്യത്ത് എവിടെ പോയാലും ഞാന്‍ പി രാജീവിന്റെ നാട്ടുകാരനാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും.

കാലാവധി പൂര്‍ത്തിയാകുന്ന വേളയില്‍ രാജ്യസഭ അദ്ദേഹത്തിനു നല്‍കിയ യാത്രയയപ്പ് അവിസ്മരണീയമായിരുന്നു. സഭാനടപടികളെക്കുറിച്ച് മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ക്ലാസെടുക്കാന്‍ വരെ അദ്ദേഹം നിയോഗിക്കപ്പെട്ടു. എംപിയായിരിക്കുമ്പോഴും പാര്‍ടി ചുമതലകള്‍ വഹിക്കുമ്പോഴും എറണാകുളത്തിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു.

എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രികള്‍, പ്രത്യേകിച്ച് ജനറല്‍ ആശുപത്രിയെ ഇന്ന് കാണുന്ന രൂപത്തില്‍ വളര്‍ത്തിയതിനുപിന്നില്‍ അദ്ദേഹത്തിന്റെ നിതാന്ത പരിശ്രമമുണ്ട്. സംസ്ഥാനത്തിനു പുറത്തുള്ള എംപിമാരുടെ അടക്കം ഫണ്ടുകള്‍ ജനറല്‍ ആശുപത്രിക്കുവേണ്ടി വിനിയോഗിക്കാന്‍ കഴിഞ്ഞു.

സാധാരണക്കാര്‍ക്ക് ഒരകല്‍ച്ചയുമില്ലാതെ രാജീവിന്റെ തോളത്തു കൈയിട്ട് സംസാരിക്കാന്‍ കഴിയും. രാഷ്ട്രീയ ഭേദമെന്യേ ആര്‍ക്കും അദ്ദേഹത്തെ സമീപിക്കാം. കലാപ്രവര്‍ത്തകരെ എന്നും പ്രോത്സാഹിപ്പിക്കുന്ന നേതാവാണ് അദ്ദേഹം.

ഏതുനേരത്തും ഫോണില്‍ ഒരു മെസേജ് അയയ്ക്കാന്‍ കഴിയുന്ന, അതിനു മറുപടി നല്‍കുന്ന സഹോദരനാണ് പി രാജീവെന്നും മണികണ്ഠന്‍ പറഞ്ഞു.