രഹസ്യമാക്കി നടത്തിയിരുന്ന എസ്ഡിപിഐ-ലീഗ് ധാരണ ഇപ്പോള്‍ തെളിവോടെ പുറത്തുവന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി; കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ഈ രഹസ്യധാരണ ഉണ്ടായിരുന്നു; നിഷേധിക്കാറുണ്ടെങ്കിലും ജനങ്ങള്‍ക്ക് പകല്‍പോലെ സത്യമറിയാം

തിരുവനന്തപുരം: മുന്‍കാലങ്ങളില്‍ രഹസ്യമാക്കി നടത്തിയിരുന്ന എസ്ഡിപിഐ ലീഗ് ധാരണ ഇപ്പോള്‍ തെളിവോടെ പുറത്തുവന്നിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ഇത് തന്നെയാണ് ലീഗ് സ്വീകരിച്ചിരുന്ന നിലപാടെന്നും അദ്ദേഹം പറഞ്ഞു. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്ഡിപിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ഘട്ടത്തില്‍ അവരെ സഹായിക്കുന്ന നിലപാട് ലീഗ് സ്വീകരിച്ചിരുന്നു. ലീഗ് അന്ന് ഭരണപങ്കാളിത്തത്തില്‍ ഉള്ളതിനാല്‍ എസ്ഡിപിഐ ഉള്‍പ്പെട്ട പല പ്രധാനപ്പെട്ട കേസുകള്‍ പിന്‍വലിച്ചിരുന്നു. പിന്നീട് വലിയ എതിര്‍പ്പൊക്കെ വന്നപ്പോള്‍, ആര്‍എസ്എസിന് ബദലായ വര്‍ഗീയ പാര്‍ടി എന്ന നിലയിലേയ്ക്ക് എസ്ഡിപിഐയുടെ പ്രവര്‍ത്തനരീതി വന്നപ്പോള്‍ അല്‍പം അകല്‍ച്ച പാലിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് മുസ്ലിംലീഗ് ശ്രമിച്ചത്.

എന്നാലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എല്ലാം ഈ രഹസ്യധാരണ ഉണ്ടായിരുന്നു. ലീഗ് നേതൃത്വം പരസ്യമായി ഇക്കാര്യം നിഷേധിക്കാറുണ്ടെങ്കിലും ജനങ്ങള്‍ക്ക് പകല്‍പോലെ സത്യമറിയാം.

ഇപ്പോള്‍ ആ ധാരണ തെളിവടക്കം പിടികൂടി. സിസിടിവി ഒക്കെ ഉള്ളതിനാല്‍ ഇവര്‍ അവിടെ ഒത്തുകൂടിയത് തെളിവടക്കം പുറത്തുവന്നു. എന്നിട്ടും ചര്‍ച്ച നടത്തിയിട്ടില്ല എന്നാണ് പറയുന്നുത്. പിന്നെ എന്തിണാണ് അവര്‍ ഒത്തുകൂടിയത്.

തെരഞ്ഞെടുപ്പ് ധാരണയ്ക്ക് വേണ്ടിയാണ് ഒത്തുകൂടിയത് ഇതാണ് പ്രശ്നം. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ല എന്ന നിലപാട് സ്വീകരിക്കാനാകണം. അത് ഭൂരിപക്ഷ വര്‍ഗീയത ആയാലും ന്യൂനപക്ഷ വര്‍ഗീയത ആയാലും .എന്നാലെ മതനിരപേക്ഷത സംരക്ഷിക്കാനാകൂ. ഇടതുപക്ഷ നിലപാട് അതാണ്.

നാല് വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കരുത്. നിര്‍ഭാഗ്യവശാല്‍ യുഡിഎഫ് അതാണ് സ്വീകരിച്ച് പോരുന്നത്. അതിന്റെ ഭാഗമായാണ് ടോം വടക്കനെ പോലുള്ളവര്‍ ബിജെപിയിലേക്ക് പോകുന്ന നിലയുണ്ടാകുന്നത്. ഒരു പാഠവും യുഡിഎഫ് ഈ അനുഭവങ്ങളില്‍ പഠിക്കുന്നില്ല എന്നതിന്റെ പരിതാപകരമായ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel