കോഴിക്കോട്: മാറാട് കലാപത്തില്‍ കോടതി ശിക്ഷിച്ചയാള്‍ മരിച്ച നിലയില്‍. മാറാട് സ്വദേശി മുഹമ്മദ് ഇല്ല്യാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കടപ്പുറത്ത് മല്‍സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

മാറാട് രണ്ടാം കലാപ കേസിലെ 33-ാം പ്രതിയാണ് കിണറ്റിന്റെകത്ത് മുഹമ്മദ് ഇല്ല്യാസ്. ഇയാളെ രണ്ട് ദിവസമായി കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ വെള്ളയില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാവിലെയാണ് കോഴിക്കോട് ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിന് പുറക് വശത്തായി മൃതദേഹം കണ്ടെത്തിയത്.

മാറാട് കോടതി പന്ത്രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ച ഇയാള്‍ സുപ്രീംകോടതിയില്‍ നിന്ന് പരോള്‍ കിട്ടിയ ശേഷം നാല് വര്‍ഷമായി നാട്ടില്‍ കഴിയുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

2017ല്‍ കേസ് സിബിഐ ഏറ്റെടുത്തതോടെ ക്രൈം ബ്രാഞ്ചിന്റെ കേസ് ഡയറിയില്‍ പരാമര്‍ശിക്കുന്ന മുഴുവന്‍ പേരെയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇല്യാസിനെയും ചോദ്യം ചെയ്തതായി ബന്ധുക്കള്‍ പറയുന്നു.