ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്‍റെ ക്വാര്‍ട്ടറില്‍ യുവന്‍റസ് നാല് തവണ ചാമ്പ്യന്മാരായ അയാക്‌സ് ആംസ്റ്റര്‍ഡാമിനെയും അഞ്ചു തവണ കിരീടം ചൂടിയ ബാഴ്‌സലോണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും നേരിടും.

മറ്റ് ക്വാര്‍ട്ടര്‍ഫൈനല്‍ പോരാട്ടങ്ങളില്‍ ലിവര്‍പൂള്‍ പോര്‍ട്ടോയെയും ഒാള്‍ ഇംഗ്ലണ്ട് ഡര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടനം ഹോട്‌സ്പറിനെയും നേരിടും. നിലവിലുള്ള ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ചാണ് അജാക്സ് ക്വാര്‍ട്ടറിലെത്തിയത്.

പ്രീക്വാര്‍ട്ടറില്‍ യുവന്‍റസ് അത്ലറ്റിക്കോ മാഡ്രിഡിനെയും ബാഴ്‌സലോണ ഫ്രഞ്ച് ക്ലബ് ലിയോണിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പി എസ് ജിയെയും സിറ്റി ഷല്‍ക്കെയെയും ലിവര്‍പൂള്‍ ബയറണ്‍ മ്യൂണിക്കിനെയുമാണ് തോല്‍പിച്ചത്.

സെമിഫൈനലിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകള്‍ നേരിട്ട് ഏറ്റുമുട്ടാനുള്ള സാധ്യത നല്‍കുന്ന ഷെഡ്യൂളാണ് യുവേഫ പുറത്തുവിട്ടത്. ബാഴ്‌സ-യുണൈറ്റഡ് ക്വാര്‍ട്ടറിലെ ജേതാക്കള്‍ക്ക് ലിവര്‍പൂള്‍-പോര്‍ട്ടോ മത്സര വിജയിയായിരിക്കും എതിരാളികള്‍.

ടോട്ടനം-മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിലെ വിജയികള്‍ അയാക്‌സ്-യുവന്‍റസ് മത്സരത്തിലെ ജേതാക്കളെയും നേരിടും. യുവന്‍റസും ബാ‍ഴ്സയും ക്വാര്‍ട്ടറും സെമിയും വിജയച്ചാല്‍ ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-ലയണല്‍ മെസി പോരാട്ടത്തിന് ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിക്കും. ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡ് വിട്ടശേഷം ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ആദ്യ മത്സരമാകുമത്