തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ദുരന്ത ലഘൂകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്ത ലഘൂകരണവിഭാഗം സീനിയര്‍ അഡൈ്വസര്‍ ഡോ. കാരന്‍ സഡ്‌മെയര്‍-റീയു യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമുമായി ചര്‍ച്ചനടത്തി.

കേരള സംസ്ഥാന യുവജന കമ്മീഷന്റെ സംരംഭമായ ഗ്രീന്‍ യൂത്ത് ഇനിഷിയേറ്റീവിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിസ്ഥിതി സൗഹൃദ ദുരന്ത ലഘൂകരണത്തില്‍ ശാസ്ത്രീയ പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതായി ചിന്ത ജെറോം പറഞ്ഞു.

ജര്‍മനിയിലെ ഐക്യരാഷ്ട്ര സഭയുടെ സര്‍വ്വകലാശാലയില്‍ നടന്ന സെമിനാറില്‍ ചിന്താ ജെറോം പങ്കെടുത്തിരുന്നു. സെമിനാറിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തി്‌ലാണ് യു.എന്‍ സംഘം തിരുവനന്തപുരത്ത് എത്തിയത്.

പരിസ്ഥിതി സംരക്ഷണം, ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജനം, വിഷരഹിത ഭക്ഷ്യവസ്തുക്കളുടെ ലഭ്യത എന്നിവ ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുന്നുണ്ട്.

ഇത്തരം പദ്ധതികള്‍ യുവജനങ്ങളിലേക്കെത്തിക്കുകയും പരിസ്ഥിതിയുടെ സംരക്ഷകരായി മാറി, കേരളത്തിന്റെ തനത് ഭൂപ്രകൃതി മനസിലാക്കിക്കൊണ്ടുള്ള പ്രകൃതിസംരക്ഷണം ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ടവരെ സഹായിക്കുകയുമാണ് ഗ്രീന്‍ യൂത്ത് സന്നദ്ധ പ്രവര്‍ത്തകരുടെ ചുമതല.