ഇന്നലെ വരെ സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന സഖാവ് സരസയ്യ ആദം ഇന്ന് ബി.ജെ.പി യിൽ എന്ന ശീർഷകത്തോടെയാണ് കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഒരു പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

ഈ പോസ്റ്ററിന്റെ ഉറവിടം കോൺഗ്രസ് ഗ്രൂപ്പുകളിൽ നിന്നാണെന്നാണ് അന്വേഷണത്തിൽ അറിയുവാൻ കഴിഞ്ഞത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ പേര് പോലും ശരിയായി എഴുതാൻ കഴിയാതെ കോൺഗ്രസ് പാർട്ടി അവരുടെ വിവരക്കേട് പോസ്റ്ററിലൂടെയും വെളിപ്പെടുത്തിയെന്നാണ് ഇതിനെതിരായ ട്രോളുകൾ പ്രചരിക്കുന്നത്.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും മുൻ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും അടക്കം കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ യാതൊരു സങ്കോചവും കൂടാതെ ബി.ജെ.പി യിൽ ചേരുന്നതിന്റെ ജാള്യത മറക്കാനാണ് ഇങ്ങനെയൊരു പ്രചാരണം കേരളത്തിലെ കോൺഗ്രസ് പാർട്ടി പ്രവർത്തകർ അഴിച്ചു വിട്ടിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

മൂന്നു തവണ എം.എൽ.എ യും നിലവിലെ സി.പി ഐ.എം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ സ. ആദം മാസ്റ്റർക്കെതിരെ (നരസയ്യ ആദം ) സി.പി.ഐ.എം കേന്ദ്രകമ്മറ്റി അച്ചടക്ക നടപടി എടുത്തിരുന്നു. ആ നടപടി വ്യക്തമാക്കിക്കൊണ്ട് കേന്ദ്രകമ്മറ്റി ഇറക്കിയ പത്രക്കുറിപ്പിലെ ഭാഗം ഇങ്ങനെയാണ് :

“The Central Committee of the CPI(M) decided to suspend CC member and its Maharashtra secretary, Comrade Narasayya Adam, from the Central Committee for three months. This is a consequence of his speech at a public event in Solapur in the presence of the Prime Minister and state Chief Minister which hurt the Party’s image”

സോലാപ്പൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത ഒരു പരിപാടിയിൽ നടത്തിയ പ്രസംഗത്തിലെ പിഴവിനാണ് മൂന്നു മാസത്തേക്ക് കേന്ദ്ര കമ്മറ്റിയിൽ നിന്നും ആദം മാസ്റ്ററെ സസ്പെൻഡ് ചെയ്തത്.

തനിക്ക് പറ്റിയ പിഴവ് മനസ്സിലാക്കി പാർട്ടിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നാണ് ആദം മാസ്റ്റർ നടപടിയോട് പ്രതികരിച്ചത്.

സിപിഐഎം ന്റെയും സിഐടിയുവിന്‍റെയും ശക്തി കേന്ദ്രമായ സോലാപൂരിൽ ശക്തമായ സമരത്തിന്റെ ഭാഗമായി ചേരികളിൽ താമസിക്കുന്ന ബീഡി തൊഴിലാളികൾക്കായി 2001 മുതൽ പാർപ്പിട നിർമ്മാണ പദ്ധതി തുടങ്ങിയത്.

അതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ 10000 വീടുകളുടെ താക്കോൽ ദാനം 2006 ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ് നിർവഹിച്ചത്. മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഗോദാവരി പരുലേക്കരുടെ പേരിലായിരുന്നു ആദ്യ പദ്ധതി.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും തൊഴിലാളികളുടെയും തുല്യ പങ്കിലാണ് പദ്ധതി നടപ്പാക്കിയത് . ഇതിന് നേതൃത്വം കൊടുത്തത് അന്ന് സിപിഎം എംഎല്‍എ ആയിരുന്ന ആദം മാസ്റ്റർ ആയിരുന്നു.

ബീഡി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച സ. മീനാക്ഷി സോനെയുടെ പേരിലുള്ള രണ്ടാം ഘട്ടത്തിൽ 5100 വീടുകൾ നിർമ്മാണം പൂർത്തിയാക്കിയത് 2015 ലായിരുന്നു. സിഐടിയു വിന്‍റെ ഈ പ്രവർത്തനത്തിന് അന്തർദേശീയ പുരസ്കാരങ്ങൾ പോലും ലഭിക്കുകയുണ്ടായി.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി 2021ഓട് കൂടി 30000 വീടുകൾ എന്നതാണ് മൂന്നാം ഘട്ട പദ്ധതി. സി.പി.എമ്മിന്റെയും സിഐടിയുവില്‍ പ്രവർത്തകരുടെയും നിരന്തരമായ ഇടപെടലുകളുടെ ഫലമായി മൂന്നാം ഘട്ട പദ്ധതിയും സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അനുവദിച്ചു.

ഇതിന്റെ ഉദ്ഘാടനം 2019 ജനുവരിയിൽ പ്രധാനമന്ത്രിയാണ് നിർവഹിച്ചത്. ആ വേദിയിലാണ് സ. ആദം മാസ്റ്റർ വൈകിയാണെങ്കിലും പദ്ധതി പാസ്സാക്കിയതിൽ ബി.ജെ.പി സർക്കാരിന് നന്ദി പറഞ്ഞത്.

ഈ നന്ദി പറച്ചിൽ സംഘപരിവാർ പ്രവർത്തകർ സി.പി.എമ്മിനെ അപകീത്തിപ്പെടുത്താൻ വ്യാപകമായി ഉപയോഗിക്കുകയായിരുന്നു.

തൊഴിലാളികളുടെ സമര ഫലമായി നേരത്തെ പല സർക്കാരുകളും അനുവദിച്ച പദ്ധതിയുടെ തുടർച്ചയെന്ന നിലയിൽ അനുവദിച്ച പദ്ധതിക്ക് ബി.ജെ.പി സർക്കാരിന് അർഹതയില്ലാത്ത ക്രെഡിറ്റ് ലഭിക്കുന്ന രീതിയിൽ പ്രസംഗിച്ചതാണ് ആദം മാസ്റ്ററിനു പറ്റിയ പിഴവ്.

അതിനാലാണ് പാർട്ടി നടപടി എടുത്തത്. നടപടിയെ അംഗീകരിച്ചും പിഴവിനെ തിരുത്തിയും മാസ്റ്റർ പ്രസ്താവന ഇറക്കിയിരുന്നതിനെ ബോധപൂർവം അവഗണിച്ചായിരുന്നു സോഷ്യൽ മീഡിയകളിലെ കുപ്രചരണം