അതിർത്തിയിൽ പതിറ്റാണ്ടുകൾ കാവൽ നിന്ന്, രണ്ടു യുദ്ധങ്ങളെ യുദ്ധമുഖത്തു നേരിട്ട്, ഒടുവിൽ വിശ്രമിക്കാനെത്തുമ്പോൾ നായിബ് സുബേദാർ പദ്മനാഭനു തോന്നി, ഇനി പ്രകൃതിക്കു കാവലാവണമെന്ന്.

അങ്ങനെ ഈ പട്ടാളക്കാരൻ കൃഷി ചെയ്യാനിറങ്ങി. എങ്കിൽ ഈ വിളവെടുപ്പുത്സവത്തിന് കാക്കിപ്പട നേതൃത്വമെടുക്കട്ടെ എന്ന് കേണൽ എച്ച് പദ്മനാഭൻ എന്ന എന്‍സിസി കമാന്റിംഗ് ഓഫീസർക്കും തോന്നി.

തൃശൂർ 7 കേരള ഗേൾസ് ബറ്റാലിയൻ കമാന്റിംഗ് ഓഫീസർ തന്റെ കുറച്ചു കേഡറ്റ്സിനെയും കൂട്ടി പാലയ്ക്കലുള്ള നായിബ് സുബേദാർ പത്മനാഭന്റെ വീട്ടിലെത്തി.

കുട്ടികൾ ഇവർക്കൊപ്പം മണ്ണിലിറങ്ങി.മണ്ണിന്റെ മണമറിഞ്ഞ് കപ്പ പറിച്ചു. പാട്ടു പാടി. വായ്ത്താരികൾ ഏറ്റു പാടി. ഒരു വിളവെടുപ്പുത്സവം തന്നെ. അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സൂര്യ ഷോബി ഉദ്ഘാടനം ചെയ്തു.

അദ്ദേഹം 1971 ൽ ഇതേ ബറ്റാലിയനിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും യൂണിഫോമിട്ട കേഡറ്റുകളെ കാണുമ്പോൾ 50 കൊല്ലം മുമ്പ് ഉണ്ടായിരുന്ന അതെ സ്നേഹവും സ്പിരിറ്റും അദ്ദേഹത്തിനുണ്ട്.

ആ ഒരു സ്നേഹമാണ് ഇന്നും ഏതാണ്ട് അമ്പതോളം വർഷങ്ങൾക്കിപ്പുറത്തും എന്‍സിസി യും നായിബ് സുബേദാർ പി. കെ പദ്മനാഭനും കാത്തു സൂക്ഷിക്കുന്നത്.

വിഷരഹിത കൃഷി രീതികൾ എന്‍സിസി കേഡറ്റുകളിലൂടെ പ്രചരിപ്പിക്കാനും കൂടി ആണ് അദ്ദേഹത്തെ ഇക്കാര്യം ചെയ്യാൻ പ്രേരിപ്പിച്ചത്.

അതിന് എന്‍സിസി ഓഫീസറുടെ പൂർണ്ണ പിന്തുണ ഉണ്ടെന്നു മനസ്സിലാക്കിയ ഈ വിമുക്ത ഭടൻ ഇതുപോലെയുള്ള കൂടുതൽ സംരംഭങ്ങൾ എന്‍സിസി യുമായി ചേർന്നു നടത്തുമെന്നും പറഞ്ഞു.

എൺപത്തിയാറു വയസ്സിലും ഈ കൃഷിയിൽ വ്യാപൃതനാവുന്ന ഈ വിമുക്തഭടനും ഭാര്യ സരോജിനിയും നാടിനു മുഴുവൻ ആവേശമാണെന്ന് കേണൽ H പദ്മനാഭൻ പറഞ്ഞു.