സ്ഥാനാര്‍ഥി പട്ടികയില്‍ തീരുമാനമാകാതെ കോണ്‍ഗ്രസ്; പി ജെ ജോസഫിന് ഇടുക്കിയുമില്ല

സ്ഥാനാര്‍ഥി പട്ടികയില്‍ തീരുമാനമാകാതെ കോണ്‍ഗ്രസും ബിജെപിയും.

കോണ്‍ഗ്രസ് കേന്ദ്രതിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ദില്ലിയില്‍.ആറ്റിങ്ങല്‍,ഇടുക്കി, വയനാട്,വടകര സീറ്റുകളില്‍ തര്‍ക്കം രൂക്ഷം.

പത്തനംതിട്ട സീറ്റിനായി ബിജെപില്‍ നേതാക്കള്‍ തമ്മില്‍ വടംവലി. സീറ്റിനായി സുരേന്ദ്രനും  ശ്രീധരന്പിള്ളയും രംഗത്ത്.ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്.
പി ജെ ജോസഫിന് ഇടുക്കിയുമില്ല. ജോസഫിന് ഇടുക്കി സീറ്റ് ഒരു കാരണവശാലും വിട്ടുനല്‍കേണ്ടതില്ലെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ധാരണ. ജോസഫ് വാഴയ്ക്കനോ ഡീന്‍ കുര്യാക്കോസോ ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും.

ഡല്‍ഹിയിലെ ജോലിഭാരം കാരണം ആലപ്പുഴയില്‍ മല്‍സരിക്കുന്നില്ലെന്ന് പരസ്യമാക്കിയ കെ സി വേണുഗോപാലിനെ വയനാട്ടില്‍ പരിഗണിക്കും. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി അന്തിമ തീരുമാനമെടുക്കും. എറണാകുളത്ത് സിറ്റിങ് എംപി കെ വി തോമസിനെ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാണ്.

കേരളത്തിലെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല.

വെള്ളിയാഴ്ച ഡല്‍ഹിയില്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തിയെങ്കിലും പല സീറ്റുകളുടെയും കാര്യത്തില്‍ വ്യക്തതയുണ്ടായില്ല.

ശനിയാഴ്ച രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് പ്രതീക്ഷ.

ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാലിനും മുകുള്‍ വാസ്‌നിക്കിനും പുറമെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

എറണാകുളം, ഇടുക്കി, വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് അവ്യക്തത. വേണുഗോപാലിന്റെ രംഗപ്രവേശത്തോടെയാണ് വയനാട് അനിശ്ചിതത്വത്തിലായത്. ടി സിദ്ദിഖിനെ വയനാട്ടില്‍ നിര്‍ത്താന്‍ കഴിഞ്ഞ സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ഏറെക്കുറെ ഉറപ്പിച്ചതാണ്.

വേണുഗോപാല്‍ മല്‍സരിക്കുകയാണെങ്കില്‍ വയനാട്ടില്‍ പരിഗണിക്കപ്പെട്ടിരുന്ന ടി സിദ്ദിഖിന് വടകരയിലേക്ക് മാറേണ്ടി വരും. വടകരയില്‍ കെ കെ രമയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് സ്‌ക്രീനിങ് കമ്മിറ്റിയില്‍ ധാരണയായി.

നിലവിലെ ദേശീയ സാഹചര്യത്തില്‍ പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് മല്‍സരിക്കേണ്ടതുണ്ടെന്ന ന്യായം കാട്ടിയാണ് ജോസഫിനെ വെട്ടിയത്.

രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാമെന്ന് ജോസഫിന് ഉറപ്പുനല്‍കിയ ഉമ്മന്‍ ചാണ്ടിയും അവസാനനിമിഷം കൈവിട്ടു. ഇടുക്കി മറ്റാര്‍ക്കും വിട്ടുകൊടുക്കേണ്ടതില്ലെന്ന് എ കെ ആന്റണിയും നിലപാട് സ്വീകരിച്ചു.

എറണാകുളത്ത് കെ വി തോമസിന് പകരം ഹൈബി ഈഡനെ മല്‍സരിപ്പിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിറ്റിങ് എംപിമാരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാനാകാത്ത സാഹചര്യമായതിനാല്‍ എറണാകുളത്തിന്റെ കാര്യത്തിലും രാഹുല്‍ അന്തിമ തീരുമാനമെടുക്കും.

എംപിയെന്ന നിലയില്‍ പ്രകടനം മോശമായിരുന്നുവെന്ന എഐസിസി സര്‍വ്വേയുടെ ചുവടുപിടിച്ചാണ് തോമസിനെതിരായ പടനീക്കം. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനിന്റെ പേരിനൊപ്പം അടൂര്‍ പ്രകാശും പരിഗണനയിലുണ്ട്.

അടൂര്‍ പ്രകാശ് ആലപ്പുഴയിലേക്ക് വന്നാല്‍ ഷാനിമോള്‍ക്ക് ആറ്റിങ്ങലിലേക്ക് മാറേണ്ടി വരും. ചാലക്കുടിയില്‍ ബെന്നി ബഹന്നാനും മുന്‍ എംപി കെ പി ധനപാലനുമാണ് പരിഗണനയില്‍. പത്തനംത്തിട്ടയില്‍ സിറ്റിങ് എംപി ആന്റോ ആന്റണി തന്നെ മല്‍സരിക്കും.

പാലക്കാട് വി കെ ശ്രീകണ്ഠന്‍, ആലത്തൂര്‍ രമ്യാ ഹരിദാസ്, കാസര്‍കോഡ് സുബ്ബയ്യറായ് എന്നിവരാണ് പരിഗണിക്കപ്പെടുന്നത്.

സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് മുമ്പായി മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി.

എറണാകുളത്തെ എതിര്‍നീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കെ വി തോമസ് കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനെ കണ്ടു.

എന്തുവന്നാലും ശനിയാഴ്ച തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് പട്ടിക വരുന്നത് വരെ കാത്തിരിക്കാനാണ് പിജെ ജോസഫിന്റെ തീരുമാനം. താന്‍ ഇപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണെന്നും ശനിയാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്നും ജോസഫ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here