ദില്ലി: ജാര്‍ഖണ്ഡില്‍ പ്രതിപക്ഷ പാര്‍ടികള്‍ സഖ്യം യാഥാര്‍ഥ്യമാക്കിയതോടെ ബിജെപിയുടെ നില പരുങ്ങലില്‍.

നിലവില്‍ ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയാണ് മഹാസഖ്യത്തിനുള്ളത്. സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായി മാറിയ പട്ടിണി മരണങ്ങളും ബിജെപിക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഇത്തവണ ബിജെപി ആധിപത്യം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസിനൊപ്പം ജെഎംഎം, ആര്‍ജെഡി, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചപ്രജാതാന്ത്രിക്ക് എന്നീ കക്ഷികള്‍ ചേര്‍ന്നുള്ള മഹാസഖ്യം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 14 സീറ്റില്‍ 12 ഉം ബിജെപി നേടി. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച രണ്ട് സീറ്റില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് പൂര്‍ണപരാജയം. കാലിടറുമെന്ന് കണ്ട് ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനെ ഒപ്പം ചേര്‍ത്തിരിക്കയാണ് ബിജെപി.

ഒരു സീറ്റില്‍ എജെഎസ്യുവും 13 സീറ്റില്‍ ബിജെപിയും മത്സരിക്കും. മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ഏഴുസീറ്റിലും നാല് സീറ്റില്‍ ജെഎംഎമ്മും രണ്ട് സീറ്റില്‍ ജെവിഎമ്മും ഒരു സീറ്റില്‍ ആര്‍ജെഡിയും മത്സരിക്കും.

പാര്‍ടിക്കുള്ളിലെ പടലപിണക്കം ബിജെപി ദേശീയ നേതൃത്വത്തിന് തലവേദനയാകുന്നു. മുഖ്യമന്ത്രി രഘുബര്‍ ദാസിനെതിരായി ഭക്ഷ്യമന്ത്രി സരയൂ റായിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്.

രഘുബര്‍ ദാസിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അര്‍ജ്ജുന്‍ മുണ്ടയും തൃപ്തനല്ല. ശൈലീമാറ്റത്തിന് രഘുബര്‍ ദാസ് മുതിരുന്നില്ലെങ്കില്‍ രാജിവെച്ചൊഴിയുമെന്ന നിലപാടിലാണ് സരയൂ റായി.

ബിജെപിയുടെ സിറ്റിങ് സീറ്റായ ഗിരിദിഹ് മണ്ഡലം എജെഎസ്യുവിന് നല്‍കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിലും വലിയൊരു വിഭാഗം അമര്‍ഷത്തിലാണ്. അഞ്ചുവട്ടം എംപിയായ രവീന്ദ്ര പാണ്ഡെയെ ഒഴിവാക്കിയാണ് എജെഎസ്യുവിന് ബിജെപി സീറ്റ് നല്‍കുന്നത്. സീറ്റുമാറ്റത്തെ കുറിച്ച് തനിക്ക് ധാരണയൊന്നുമില്ലെന്ന നിലപാടിലാണ് പാണ്ഡെ.

ഗിരിദിഹ് സീറ്റ് എജെഎസ്യുവിന് നല്‍കിയാല്‍ സമീപ മണ്ഡലങ്ങളായ കൊദെര്‍മ, ധന്‍ബാദ്, ഗോഡ്ഡ എന്നിവിടങ്ങളിലും പ്രതിഫലനമുണ്ടാകുമെന്നാണ് ബിജെപിയില്‍ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.