പ്രിയ വാരിയർ തിരക്കിലാണ്. ഒരു ബോളിവുഡ് ചിത്രത്തിൽ ആദ്യമായി അഭിനയിക്കുന്ന ത്രില്ലിലും. പൂർണമായി യു കെ യിൽ വച്ച് ചിത്രീകരിച്ച ചിത്രത്തിലാണ് നടിയുടെ പുത്തൻ പ്രതീക്ഷ.

ഒരു അഡാര്‍ ലൗവിലെ ഗാനത്തിലൂടെ ലോകപ്രശസ്തി നേടിയ താരമാണ് പ്രിയ വാരിയർ. എന്നാൽ പ്രിയ ആളാകെ മാറിപ്പോയെന്നാണ് നടിയെ കണ്ടെത്തിയ സംവിധായകൻ ഒമർ ലുലു ഈയിടെ കൈരളി ടി വി യിലെ ജെ ബി ജംഗ്ഷനിൽ അഭിപ്രായപെട്ടത്.

ഇതിനു പിന്നാലെ പ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചിരുന്നതും വലിയ വാർത്തയായിരുന്നു. താൻ സത്യങ്ങൾ വിളിച്ചു പറയാൻ തുടങ്ങിയാൽ ചിലരെല്ലാം വെള്ളം കുടിക്കുമെന്നായിരുന്നു പ്രിയയുടെ പ്രതികരണം.

തനിക്കെതിരെ സോഷ്യൽ മീഡിയകളിൽ നടക്കുന്ന പ്രചാരണങ്ങൾ ഗൗനിക്കാറില്ലെന്നും അതെല്ലാം ഈ മേഖലയിൽ പതിവാണെന്നും പ്രിയ പറയുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തയായ പ്രിയയെ ആസൂത്രിതമായി താഴ്‌ത്തി കെട്ടാനുള്ള ശ്രമങ്ങളും സോഷ്യൽ മീഡിയകളിൽ തന്നെ സജീവമാണ്. പ്രിയയുടെ ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിന്റെ ടീസറിനെയും വെറുതെ വിട്ടിട്ടില്ല.

ബോളിവുഡിലെ ഒരു സിനിമാ ടീസറിന് ഇത്രയേറെ ഡിസ്‌ലൈക്കുകൾ ലഭിക്കുന്നതും ആദ്യമായിട്ടായിരിക്കും. പ്രിയ വാരിയർ ഉൾപ്പെടുന്ന എല്ലാ വീഡിയോകൾക്കും ഈ പ്രവണതകൾ കണ്ടു വരുന്നുണ്ട്. ഇതിന്റെ പുറകിലും പ്രിയയുടെ ‘സൈബർ ആങ്ങളമാർ’ തന്നെയാണെന്നാണ് നടിയുടെ കണക്കുകൂട്ടൽ.

പ്രിയ നായികയാവുന്നത് മലയാളിയായ പ്രശാന്ത് മാമ്ബുള്ളി സംവിധാനം ചെയ്യുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ്. ചിത്രം ഒരുങ്ങുന്നത് 70 കോടി രൂപ ബഡ്ജറ്റിലാണ്. യുകെയിലാണ് ചിത്രം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്

സ്ക്രിപ്റ്റ് ഇഷ്ടമായതാണ് ബോളിവുഡിലേക്ക് ചുവട് മാറാൻ പ്രേരിപ്പിച്ച ഘടകമെന്ന് പ്രിയ പറഞ്ഞു. ആദ്യ മലയാള ചിത്രത്തിൽ നിന്നും വ്യത്യസ്തമായി ഒരു ബോൾഡ് ആയ കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രിയ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.

ശ്രീദേവിയുടെ കഥയാണോ എന്ന ചോദ്യത്തിന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്ന മാർക്കറ്റിംഗ് തന്ത്രമാണ് പ്രിയയും പിന്തുടർന്നത് .

മുംബൈയിൽ നടന്ന പത്ര സമ്മേളനത്തിലാണ് പ്രിയ വാരിയർ മനസ്സ് വാരിയർ തുറന്നത്.

മോഹൻലാലിനെ നായകനാക്കി 19 മണിക്കൂർ കൊണ്ട് ചിത്രീകരിച്ച ഭഗവാൻ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. ശ്രീദേവി ബംഗ്ളാവ് സസ്പെൻസ് മൂവി ത്രില്ലർ ആയ പടമാണെന്നു പ്രശാന്തും പറയുന്നു.

മാണിക്യ മലയരായെത്തി കണ്ണിറുക്കി താരമായി മാറിയ പ്രിയ വാര്യർക്ക് ബോളിവുഡിലും നിറയെ ആരാധകരുണ്ട്.

പ്രിയാ വാരിയർ വലിയ സൂപ്പർ സ്റ്റാറാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് ബോളിവുഡ് താരവും എം.പിയുമായ ശത്രുഘ്‌നൻ സിൻഹ

‘എന്റെ വാക്കുകൾ കുറിച്ചു വച്ചോളൂ. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെൺകുട്ടിയായല്ല ഒരു സൂപ്പർ താരമായി അറിയപ്പെടുന്ന കാലം വിദൂരമല്ല.

വളരെ പെട്ടന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആസ്വദിക്കൂ’ എന്നാണ് ശത്രുഘ്‌നൻ സിൻഹ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

മുംബൈ മലയാളിയായ പ്രിയക്ക് ഭാഷയും വഴങ്ങുമെന്നത് ബോളിവുഡിൽ ചുവടുറപ്പിക്കാൻ സഹായകമാകും. ബോളിവുഡിനെ കണ്ണിറുക്കി കീഴടക്കാൻ കഴിയുമോയെന്നത് കണ്ടറിയാം.