തിരുവനന്തപുരം മലയന്‍കീ‍ഴില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതിമ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു.

തലസ്ഥാനത്തെ മൂതിര്‍ന്ന നേതാവ് വികെ മണികണ്ഠന്‍ നായരുടെ പ്രതിമയെ ചൊല്ലിയാണ് എ,ഐ ഗ്രൂപ്പുകള്‍ പോരടിക്കുന്നത്.

ഡിസിസി ജനറല്‍ സെക്രട്ടറി വേണുഗോപാലിനെതിരെ പരാതിയുമായി മണികണ്ഠന്‍ നായരുടെ ഭാര്യയും യൂത്ത് കോണ്‍ഗ്രസും കെപിസിസിക്ക് പരാതി നല്‍കി

കെപിസിസി അംഗവും , മലയിൻകീഴ് പഞ്ചായത്തിന്‍റെ മുന്‍ പ്രസിഡന്‍റുമായ വികെ മണികണ്ഠന്‍ നായരുടെ പ്രതിമയാണ് കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വികെ മണികണ്ഠൻ നായരുടെ സ്മാരകമായി പണിത് കൊണ്ടിരുന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ് പുറകിലെ കാടുപിടിച്ച സ്ഥലത്തു നിന്നാണ് പ്രതിമ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

മുന്‍പ് മലയന്‍കീ‍ഴ് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന പ്രതിമ രാഷ്ട്രീയ സ്തൂപങ്ങള്‍ ഒ‍ഴിവാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചതിന്‍റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൊട്ട് അടുത്ത് താമസിക്കുന്ന ഡിസിസി ജനറല്‍ സെക്രട്ടറി വേണുഗോപാലിന്‍റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.

ഈ പ്രതിമയാണ് കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത് എന്നത് സംഭവങ്ങളുടെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സ്മാരക നിര്‍മ്മാണത്തിന്‍റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വേണുഗോപാലിനെ ഒ‍ഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നതിന് പിന്നാലെയാണ് പ്രതിമ തകര്‍പ്പെട്ടത്.

ഇതോടെയാണ് ഡിസിസി ജനറല്‍ സെക്രട്ടറി വേണുഗോപാലിനെതിരെ വികെ മണികണ്ഠന്‍ നായരുടെ ഭാര്യ കൃഷ്ണമ്മ കെപിസിസിക്ക് പരാതി നല്‍കിയത്.

ഇതിന് പിന്നാലെ ഗ്രൂപ്പ് ഭേഭമന്യ മലയന്‍കീ‍ഴിലെ യൂത്ത്കോണ്‍ഗ്രസ് ഭാരവാഹികള്‍ കെപിസിസിക്കും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് മലയിൻകീഴ് മണ്ടലം കമ്മറ്റി ജംഗ്ഷനിൽ സ്ഥാപിച്ച ഫ്ലക്സ് എതിര്‍ ഗ്രൂപ്പുകാര്‍ എടുത്ത് മാറ്റി.

പ്രതിമ നശിപ്പിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ തിരഞ്ഞെടുപ്പിലടക്കം ബാധിക്കുമെന്ന മുന്നറിപ്പ് ആണ് പ്രവര്‍ത്തകര്‍ നല്‍കുന്നത്.

പരാതി നല്‍കി ദിവസങ്ങള്‍ ക‍ഴിഞ്ഞിട്ടും കെപിസിസി ഇതുവരെ നടപടി ഒന്നും സ്വകീരിക്കാത്തത് പ്രവര്‍ത്തകരില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്.