പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കി കെ വി തോമസ്. ബിജെപി തനിക്ക് യാതൊരു ഓഫറും വച്ചിട്ടില്ല. തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയെന്ന് അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയില്‍ തുടരുന്നത് സ്ഥാനമാനം മോഹിച്ചല്ല. എറണാകുളം കോണ്‍ഗ്രസ് കോട്ടയെന്നും ഹൈബി അവിടെ ജയിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പാര്‍ട്ടിയെ തളര്‍ത്തുന്ന ഒരു തീരുമാനവും കൈകൊള്ളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ രമേശ് ചെന്നിത്തല കെവി തോമസിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും കെവി തോമസ് വഴങ്ങിയിരുന്നില്ല.

ഒരു ഓഫറും വേണ്ട, എന്തിനാണ് ഈ നാടകം കളിക്കുന്നതെന്ന് ചോദിച്ച് കെവി തോമസ് രമേശ് ചെന്നിത്തലയോട് ക്ഷോഭിച്ചുവെന്നും വാര്‍ത്തയുണ്ട്. സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ കെവി തോമസുമായി ഇന്നലെ ഫോണില്‍ സംസാരിച്ചിരുന്നു.

ഇദ്ദേഹത്തോട് സ്വവസതിയില്‍ തന്നെ തുടരാനാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്നതിനാല്‍ കേന്ദ്ര നേതാക്കള്‍ ഇദ്ദേഹത്തെ വീട്ടിലെത്തി കാണാനും സാധ്യതയുണ്ട്.

യുഡിഎഫ് കണ്‍വീനര്‍ ബെന്നിബെഹനാന്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെ മുന്നോട്ട് വച്ച് അനുനയ ചര്‍ച്ച നടത്താനായിരുന്നുകോണ്‍ഗ്രസ് നീക്കം.