എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി

എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. അരലക്ഷം വോട്ടിന് കഴിഞ്ഞ തവണയുണ്ടായ വിജയത്തേക്കാള്‍ മികച്ച വിജയം നേടുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ജോയ്‌സ് ജോര്‍ജും എല്‍ഡിഎഫ് പ്രവര്‍ത്തകരും പ്രചാരണ രംഗത്ത് സജീവമാകുന്നത്.

ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളും സന്ദര്‍ശിച്ച് വോട്ടര്‍മാരെ നേരില്‍ കണ്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കിയത്. ഉടുമ്പന്‍ചോലയില്‍ നിന്നാരംഭിച്ച് തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി, ദേവികുളം, പീരുമേട് മണ്ഡലങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

ഇതിനിടയില്‍ കട്ടപ്പനയില്‍ പാര്‍ലമെന്റ് മണ്ഡലം കവെന്‍ഷനിലും കോതമംഗലം, തൊടുപുഴ, ഇടുക്കി, ദേവികുളം, പീരുമേട് അസംബ്ലി മണ്ഡലം കവെന്‍ഷനുകളിലും പങ്കെടുത്തു. നാല് മണ്ഡലങ്ങളില്‍ നടന്ന വനിത പാര്‍ലമെന്റിലും സ്ഥാനാര്‍ത്ഥി എത്തി.

കടകമ്പോളങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്‌കൂള്‍ കോളജുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, ഓട്ടോ ടാക്‌സി തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍ എന്നിവരെയാണ് ഒന്നാംഘട്ടത്തില്‍ നേരില്‍ കണ്ടത്.

4750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റില്‍ നടത്തിയ മികച്ച പ്രകടനവും സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും മണ്ഡലത്തിലെ സാന്നിദ്ധ്യവും ജനങ്ങളുമായി ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ത്ഥി മുന്നേറുന്നത്.

ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതിലൂടെ പൊതുജീവിതത്തില്‍ കൂടുതല്‍ പിന്തുണയാര്‍ജ്ജിക്കാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസമാണ് സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കും ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here