വയനാട്ടില്‍ യുഡിഎഫ് ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കും; വിവാദമായി നേതാക്കളുടെ പരാമര്‍ശങ്ങള്‍; ഇല്ലെന്ന് വയനാട്ടുകാര്‍; പ്രതിഷേധിച്ച് കെ.സി റോസക്കുട്ടിയും

വയനാടിനെച്ചൊല്ലി യുഡിഎഫ് തര്‍ക്കം തീര്‍ന്നിട്ടില്ല.സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നാലും അത് തുടരും.

ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും വയനാട്ടില്‍ വിജയിക്കുമെന്നും, തിരക്കുകളില്‍ മണ്ഡലത്തിലേക്ക് ശ്രദ്ധിച്ചില്ലെങ്കിലും
വയനാട്ടില്‍ കുഴപ്പമില്ലെന്നുമുള്ള അജയ് തറയിലേന്റേയും രാജ്‌മോഹന്‍ ഉണ്ണിത്താന്റെയുമെല്ലാം പരാമര്‍ശങ്ങള്‍ വയനാട്ടില്‍ വലിയവിവാദമുണ്ടാക്കിക്കഴിഞ്ഞു.

ആളുകള്‍ കൂടുന്നിടത്തും സോഷ്യല്‍മീഡിയയിലും പ്രധാന ചര്‍ച്ചയാണിപ്പോള്‍. ചില ചാനല്‍ ചര്‍ച്ചകളിലായിരുന്നു യുഡിഎഫ് നേതാക്കളുടെ പരാമര്‍ശങ്ങള്‍. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ അറിയാതെയാണ് പരാമര്‍ശങ്ങള്‍ എന്നാണ് വയനാട്ടുകാരുടെ അഭിപ്രായം.

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ മണ്ഡലത്തിനുകീഴിലെ ഏഴില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും തദ്ദേശ തെരെഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈയും എല്‍ ഡി എഫിനായിരുന്നു. മണ്ഡലം രൂപീകരിച്ച് ആദ്യതെരെഞ്ഞെടുപ്പില്‍ എം ഐ ഷാനവാസ് ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയെങ്കില്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കേവലം ഇരുപതിനായിരമായി കുറച്ച ചരിത്രം കൂടി വയനാടിനുണ്ട്.

ജനകീയ വിഷയങ്ങളിലെ സര്‍ക്കാര്‍ ഇടപെടലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുമെല്ലാം
മുന്‍നിര്‍ത്തി തെരെഞ്ഞെടുപ്പിനെ നേരിടുന്ന എല്‍ഡിഎഫ് പ്രചാരണത്തിലും മേല്‍ക്കൈ നേടിയിട്ടുണ്ട്.

തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തി മണ്ഡലത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക്
എല്‍ഡിഎഫ് തുടക്കം കുറിച്ചിരുന്നു.മണ്ഡലകണ്വെന്‍ഷലുകളും പിന്നിട്ട് എല്‍ഡിഎഫ് ഏറെ മുന്നിലെത്തുകയും ചെയ്തു.
പിപി സുനീറാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്തി.മണ്ഡലത്തിലെ വിവിധ പ്രശ്‌നങ്ങളില്‍ സജീവമായി നേരത്തേതന്നെയുണ്ടായിരുന്ന സുനീര്‍ പരിചിതനുമാണ്.

യുഡിഎഫിന്റെ ഉറച്ചമണ്ഡലമെന്ന് കരുതുന്ന വയനാട്ടില്‍ ഇതെല്ലാം മാറ്റത്തിന്റെ സൂചകമാണെന്നാണ് ഭൂരിപക്ഷാഭിപ്രായം.വയനാടിനെച്ചൊല്ലി യുഡിഎഫില്‍ നടക്കുന്ന കലാപത്തിന് കാരണവും എളുപ്പം വിജയിക്കാവുന്ന മണ്ഡലമെന്ന വിശ്വാസമാണ്. എന്നാല്‍ ആത്മാഭിനമാനത്തെ ചോദ്യം ചെയ്തുള്ള പരാമര്‍ശങ്ങള്‍ പൊറുക്കില്ലെന്നാണ് ഫേസ്ബുക്കിലെ വയനാടന്‍ പ്രൊഫൈലുകള്‍ പറയുന്നത്.

കുറ്റിച്ചൂല്‍ പരാമര്‍ശത്തില്‍ യുഡിഎഫ് നേതാവും വയനാട് സീറ്റില്‍ കണ്ണുവെച്ചിരുന്ന എന്നാല്‍ പരിഗണിക്കപ്പെടാതെപോയ പ്രമുഖ നേതാവ് കെ.സി റോസക്കുട്ടിയും പ്രതിഷേധമറിയിച്ചുകഴിഞ്ഞു.

ഏത് കുറ്റിച്ചൂലിനെയും ജയിപ്പിക്കുന്ന കാലം കഴിഞ്ഞെന്നും വയനാട്ടുകാരെ ആക്ഷേപിക്കലാണിതെന്നും അവര്‍ പറഞ്ഞുകഴിഞ്ഞു.
എ ഐ സി സി മെമ്പറും മുന്‍ എം എല്‍ എയുമാണ് കെ.സി റോസക്കുട്ടി. ഏതായാലും പോളിങ് ബൂത്തിലെത്തുമ്പോള്‍ വയനാട്ടുകാരുടെ മനസ്സില്‍ കുറ്റിച്ചൂല്‍ പരമാര്‍ശവുമുണ്ടാവുമെന്നാണ് ഭൂരിപക്ഷാഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News