പരാജയഭീതി കാരണം മുല്ലപ്പള്ളി പിന്‍മാറി; പകരം കെ മുരളീധരന്‍; കടുത്ത ഗ്രൂപ്പ് പോരിന് ശേഷം വയനാട് സീറ്റിലേക്കും സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ കെ മുളീധരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം.

സിറ്റിങ് എംപി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കണമെന്ന കടുത്ത സമ്മര്‍ദ്ദം ഉണ്ടായിട്ടും പരാജയഭീതിമൂലം ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്നാണ് കെ മുരളീധരനെ നിര്‍ദ്ദേശിച്ചത്. പ്രഖ്യാപനം ഉടനെ ഉണ്ടാകും.

വയനാട് ടി സിദ്ദിഖും ആലപ്പുഴ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മല്‍സരിക്കും.

വയനാട് സീറ്റിലേക്കും സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് കടുത്ത ഗ്രൂപ്പ് പോരിന് ശേഷമാണ്. ടി സിദ്ദിഖിന്റെ പേര് തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല ഇന്നലെ യോഗം ബഹിഷ്‌ക്കരിച്ചിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ വടകരയില്‍ മത്സിക്കാന്‍ സ്ഥാനാര്‍ത്ഥിയെ കിട്ടാതെ കടുത്ത പ്രതിസന്ധിയിലായിരുന്നു കോണ്‍ഗ്രസ്.

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്റെ പേരാണ് പറഞ്ഞുകേട്ടത്. പിന്നീട് പ്രവീണ്‍കുമാര്‍ അടക്കം നിരവധിപേരുകള്‍ പരിഗണിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. മുല്ലപ്പള്ളിയെ മല്‍സരിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഫാക്സ്സന്ദേശമാണ് ഇന്നലെ എഐസിസി ആസ്ഥാനത്തേക്ക് എത്തിയത്.

എന്നാല്‍ പരാജയഭീതിമൂലം മുല്ലപ്പള്ളി പിന്‍മാറുകയായിരുന്നു. കെപിസിസി പ്രസിഡന്റ് ആയതിനാല്‍ എല്ലാ മണ്ഡലത്തിന്റെയും ചുമതല ഉണ്ടെന്നും അതിനാല്‍ മത്സരിക്കുന്നില്ലെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News