ദില്ലി: രണ്ടുവട്ടം ലോക്‌സഭയില്‍ അംഗമായവരുടെ സ്വത്ത് വര്‍ധനയില്‍ ഇന്ത്യയില്‍ ഒന്നാമനായി ലീഗിന്റെ പൊന്നാനി എംപി ഇ.ടി മുഹമ്മദ് ബഷീര്‍.

അഞ്ചു വര്‍ഷം(2009-2014) കൊണ്ട് ഇ.ടിയുടെ സ്വത്ത് ആറുലക്ഷത്തില്‍ നിന്നു ഒരുകോടി മുപ്പത്തി രണ്ടു ലക്ഷം രൂപ (2081%) ഏതാണ്ട് 22 മടങ്ങാണ് വര്‍ധിച്ചത്.

ദേശീയ തെരഞ്ഞെടുപ്പു നിരീക്ഷണ അസോസിയേഷനും ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്കുളള അസോസിയേഷനുമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട 153 ലോക്സഭാ എംപിമാരുടെ ശരാശരി ആസ്തി 142% വര്‍ധിച്ചതായി പഠനം കാണിക്കുന്നു. 2009ല്‍ 5.5 കോടിയായിരുന്നിടത്ത് 2014ല്‍ 13.32 കോടിയായാണ് വര്‍ധിച്ചത്.

എംപിമാര്‍ അടുത്തിടെ തെരഞ്ഞെടുപ്പു കമീഷന് മുമ്പാകെ സമര്‍പ്പിച്ച വിവരങ്ങളില്‍ നിന്നാണ് 153 എംപിമാരുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുന്‍വര്‍ഷത്തെ തെരഞ്ഞെടുപ്പുവേളയില്‍ ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്താണ് വളര്‍ച്ച കണക്കാക്കിയതെന്ന് സംഘടന അറിയിച്ചു.

അതേസമയം, സിപിഐഎം കാസര്‍കോട് എംപി പി കരുണാകരന്റെ സ്വത്ത് 67% കുറഞ്ഞു.