ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കലഹം; അന്തിമ തീരുമാനം അമിത് ഷായ്ക്ക്

ദില്ലി: ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരവേ അന്തിമ തീരുമാനം അമിത് ഷായ്ക്ക് വിട്ടു.

പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അവ്യക്തത തുടരുന്നു. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്തും, എ എന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയിലും സ്ഥാനാര്‍ത്ഥികളാകും.

സ്ഥാനാര്‍ത്ഥിത്വത്തിനായി അവകാശ വാദങ്ങള്‍ ഉയര്‍ത്തി നേതാക്കള്‍ പിടിവലി തുടര്‍ന്നതോടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം ദേശീയ അധ്യക്ഷന് വിട്ടത്.

കഴിഞ്ഞ ദിവസം രാത്രി സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച പൂര്‍ത്തിയാക്കി.

എന്നാല്‍ ചില സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും മണ്ഡലങ്ങളുടെ കാര്യത്തിലും വ്യക്തത വരുത്താന്‍ ഈ ചര്‍ച്ച കൊണ്ടും സാധിച്ചില്ല. പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്തു. കെ സുരേന്ദ്രന്‍ മത്സര രംഗത്ത് ഉണ്ടാകുമെന്ന സൂചന മാത്രമാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നത്.

കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ തന്നെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ യോജിച്ച സ്ഥാനാര്‍ത്ഥി താനാണെന്ന നിലപാട് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ആവര്‍ത്തിച്ചു. തുടര്‍ന്നാണ് കലഹത്തിന് പരിഹാരം കാണാന്‍ വിഷയം അമിത് ഷായ്ക്ക് വിട്ടത്.

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയിലും കെ എസ് രാധാകൃഷ്ണന്‍ ആലപ്പുഴയിലും സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

പട്ടിക ഇന്നോ നാളെയോ ആയി പ്രഖ്യാപിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News