”മോദി, രാജ്യം കണ്ട ഏറ്റവും നുണയനായ പ്രധാനമന്ത്രി; അഞ്ചു വര്‍ഷം ജനങ്ങളെ വഞ്ചിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍; ദുരന്തഫലം ഏറ്റവും കൂടുതല്‍ പേറേണ്ടി വന്നത് രാജ്യത്തെ സ്ത്രീകള്‍”

കണ്ണൂര്‍: രാജ്യം കണ്ട ഏറ്റവും നുണയനായ പ്രധാനമന്ത്രിയാണ് മോഡിയെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മറിയം ധാവ്‌ളെ.

അഞ്ചു വര്‍ഷം കള്ള വാഗ്ദാനങ്ങളുമായി ഇന്ത്യയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു മോഡി സര്‍ക്കാര്‍. ഇതിന്റെ ദുരന്തഫലം ഏറ്റവും കൂടുതല്‍ പേറേണ്ടി വന്നത് രാജ്യത്തെ സ്ത്രീകളാണെന്നും അവര്‍ പറഞ്ഞു. ധര്‍മശാലയിലും പുതിയതെരുവിലും വനിതാ പാര്‍ലമെന്റുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മറിയം ധാവ്‌ളെ.

കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ എന്നും ഒരേ നയമാണ് പിന്തുടരുന്നത്. വില കുറയ്ക്കുമെന്ന് പറഞ്ഞവര്‍ നിത്യോപയോഗ സാധനങ്ങളുടേതടക്കം വിലകൂട്ടി.

ആധാറും ബയോമെട്രിക് സംവിധാനങ്ങളും കൊണ്ടുവന്ന് കിട്ടുന്ന റേഷന്‍പോലും ഇല്ലാതാക്കി. ഉജ്വല ഗ്യാസ് കണക്ഷന്‍ സൗജന്യമെന്ന പേരില്‍ എത്ര വീട്ടമ്മമാരെയാണ് ഇവര്‍ പറ്റിച്ചത്. പാവപ്പെട്ടവന്റെ കുട്ടികള്‍ എങ്ങനെയെങ്കിലും പഠിച്ചാല്‍ മതിയെന്നാണ് ഇവരുടെ തീരുമാനം.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചു. സ്ത്രീകള്‍ പുരുഷനു കീഴ്‌പ്പെടേണ്ടവരാണെന്ന ബോധമാണ് ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ 700 കോടി രൂപയാണ് കേന്ദ്രം നല്‍കാനുള്ളത്.

അംബാനിയും അദാനിയും വിജയ്മല്യയും നടത്തുന്ന കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണ് ഇവര്‍. എറ്റവുമൊടുവില്‍ യഥാര്‍ഥ സമരചരിത്രത്തെപോലും തമസ്‌കരിക്കാനാണ് ഇവരുടെ ശ്രമം. മാറു മറയ്ക്കല്‍ സമരം പാഠപുസ്‌കത്തില്‍നിന്നും ഒഴിവാക്കിയത് അതിന്റെ ഭാഗമാണ്.

പ്രളയക്കെടുതിയില്‍ കേരളം മുങ്ങിത്താണപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സഹായം നിഷേധിച്ചു. പക്ഷേ, ഇടതുപക്ഷ സര്‍ക്കാരിന്റെ കരുത്ത് എന്താണെന്ന് അന്ന് നമ്മള്‍ കണ്ടു. വര്‍ഗീയ രാഷ്ട്രീയത്തിനും കോര്‍പറേറ്റ് വല്‍ക്കരണത്തിനുമെതിരെ പൊരുതാന്‍ ഇടതുപക്ഷത്തിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.

കഴിഞ്ഞ ജനുവരി ഒന്നിന് ലോക ഭൂപടത്തില്‍ കേരളത്തിന്റെ പേര് എഴുതിച്ചേര്‍ത്തവരാണ് ഇവിടത്തെ സ്ത്രീകള്‍. സ്ത്രീകള്‍ എറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്ന കാലഘട്ടംകൂടിയാണ് തെരഞ്ഞെടുപ്പ്. അവര്‍ക്ക് രാഷ്ട്രീയത്തെക്കുറിച്ച് കാര്യമായി ഒന്നും പറയാനില്ലെന്നാണ് പൊതുധാരണ. എന്നാല്‍ നമ്മള്‍ പറയും ഈ രാഷ്ട്രീയമാണ് നമ്മുടെ ഭാവി ജീവിതം തീരുമാനിക്കുന്നത്.

രാജ്യത്തെ രക്ഷിക്കാന്‍, ഭരണഘടന സംരക്ഷിക്കാന്‍ മത നിരപേക്ഷത കാത്തുവയ്ക്കാന്‍ ഓരോ വോട്ടും ഇടതുപക്ഷത്തിന് നല്‍കണം. കണ്ണൂരിന്റെ വികസനം തുടരാന്‍ പി കെ ശ്രീമതി ടീച്ചറെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും മറിയം ധാവ്‌ളെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News