ബോളിവുഡ് ഹിറ്റ് മേക്കര്‍ കരണ്‍ ജോഹറാണ് താനൊരു സ്വര്‍ഗാനുരാഗിയാണെന്ന് തുറന്ന് പറയുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും കരണ്‍ സമ്മതിക്കുന്നു.

എന്നിരുന്നാലും നിലപാടുകള്‍ ധീരതയോടെ തുറന്ന് പറയാന്‍ ധൈര്യം കാണിച്ച സംവിധായകന് തന്റെ സ്വര്‍ഗാനുരാഗ വെളിപ്പെടുത്തലിന്റെ പേരില്‍ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയകളിലും ഏറ്റു വാങ്ങേണ്ടി വന്നത്.

‘നിങ്ങളുടെ ലിംഗത്തിന് എന്തെങ്കിലും അപാകതയുണ്ടോ’ എന്നാണ് അപരിചിതയായ ഒരു പെണ്‍കുട്ടി തന്നോട് ചോദിച്ചതെന്നും കരണ്‍ വെളിപ്പെടുത്തി. താനൊരു പുരുഷനായാണ് ജനിച്ചതെങ്കിലും തന്റെ ഉള്ളിലൊരു സ്ത്രീയുണ്ടെന്നും അത് തന്നെ കൂടുതല്‍ പുരുഷനാക്കുന്നുവെന്നും കരണ്‍ ന്യായീകരിക്കുന്നു.

പണ്ടെല്ലാം ട്രോളുകള്‍ തന്നെ അലോസരപ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതൊന്നും ബാധിക്കാറേയില്ലെന്നും കരണ്‍ വ്യക്തമാക്കി. ട്രോളുകള്‍ കാണുമ്പോള്‍ രോഷം കൊള്ളുകയും അസ്വസ്ഥനാകുകയും ചെയ്തിരുന്ന കാലം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴതെല്ലാം ശീലമായെന്നും കരണ്‍ പറഞ്ഞു.

ലൈംഗിക ജീവിതത്തെക്കുറിച്ചും ലൈംഗികത്വത്തെക്കുറിച്ചും എന്ത് പറയണമെന്നുള്ളത് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും കരണ്‍ പറഞ്ഞു. ഒരു ഘട്ടത്തില്‍ സ്വവര്‍ഗരതിയോട് വലിയ ഭയമായിരുന്ന കരണ്‍ ഇപ്പോള്‍ അതൊരു സുന്ദരമായ ആനന്ദാനുഭൂതിയാണെന്നാണ് വിവരിക്കുന്നത്. സ്വവര്‍ഗലൈംഗികതയെ എതിര്‍ക്കുന്നവര്‍ക്ക് കാര്യമായ പ്രശ്‌നങ്ങളുണ്ടെന്നും കരണ്‍ വാദിക്കുന്നു.

എന്നിരുന്നാലും മോശം പരാമര്‍ശങ്ങളും ട്രോളുകളും വിഷമമുണ്ടാക്കാറുണ്ടെന്നും ചിലര്‍ തനിക്ക് അസുഖമുണ്ടെന്നും മറ്റും കൊട്ടിഘോഷിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും കരണ്‍ പരിതപിച്ചു. താനൊരു സ്വവര്‍ഗ്ഗാനുരാഗിയായതുകൊണ്ട് മിണ്ടാതിരിക്കണം എന്നാണ് പലരും കരുതുന്നതെങ്കില്‍ അതൊരു വികലമായ കാഴ്ചപ്പാടാണെന്നും കരണ്‍ വിമര്‍ശിച്ചു.

സ്വവര്‍ഗാനുരാഗം പ്രമേയമാക്കി സിനിമയെടുക്കണമെന്ന ആഗ്രഹവും കരണ്‍ പ്രകടിപ്പിച്ചു. മുന്‍ നിര സംവിധായകരില്‍ ഒരാളെന്ന നിലക്ക് സ്വവര്‍ഗാനുരാഗികളെക്കുറിച്ച് പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി സിനിമയെടുക്കാനാണ് താന്‍ പദ്ധതിയിടുന്നതെന്നും കരണ്‍ വ്യക്തമാക്കി. നടന്മാരുടെ കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും അങ്ങനെയൊരു സിനിമ ചെയ്തിരിക്കുമെന്നും കരണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.