ദില്ലി – ലാഹോര്‍ സംഝോത എക്‌സ്പ്രസ് ബോംബ് വച്ചു തകര്‍ത്ത കേസിലെ നാലു പ്രതികളെ കോടതി വെറുതെ വിട്ടു. പാക് പൗരന്മാര്‍ അടക്കം അറുപത്തിയെട്ട് പേര്‍ കൊല്ലപ്പെട്ട കേസിലാണ് ഹരിയാന പഞ്ച്കുലയിലെ എന്‍.ഐ.എ കോടതി വിധി പറഞ്ഞത്.

സ്വാമി അസീമാനന്ദ, സംഘപരിവാര്‍ പ്രവര്‍ത്തകരായ ലോകേഷ് ശര്‍മ, കമാല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരെയാണ് കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുടെ വിട്ടിരിക്കുന്നത്. സന്ദീപ് ഡാന്‍ഗെ, റാംജി എന്ന രാമചന്ദ്ര കലസാന്‍ഗ്ര, അമിത് എന്നീ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുനില്‍ ജോഷിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.2007 ഫെബ്രുവരി പതിനെട്ടിനാണ് ഹരിയാനയിലെ പാനിപത്തിന് സമീപം ട്രെയിനിനുളളില്‍ സ്‌ഫോടനമുണ്ടായത്.

രണ്ട് കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു. ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിലും ജമ്മുവിലെ രഘുനാഥ് ക്ഷേത്രത്തിലുമുണ്ടായ ബോംബ് സഫോടനത്തിന് പ്രതികാരമായിട്ടാണ് പ്രതികള്‍ സംഝോത എക്‌സ്പ്രസില്‍ ബോംബ് വച്ചതെന്നായിരുന്നു എന്‍.ഐ.എ കേസ്.