സോഷ്യല്‍ മീഡിയയിൽ തരംഗമായ ‘കലങ്ക്’ മുംബൈ മലയാളികൾക്കഭിമാനം

ബോളിവുഡില്‍ ചരിത്രമെഴുതാന്‍ ഒരു റൊമാന്റിക് പ്രണയകാവ്യം ഒരുങ്ങുന്നു. വിഭജന കാലത്തെ പ്രണയകഥ പറയുന്ന ‘കലങ്ക്’ വമ്പന്‍ താരനിരയുമായാണ് എത്തുന്നു.

ആലിയ ഭട്ട്, വരുണ്‍ ധവാന്‍, മാധുരി ദീക്ഷിത്, സൊനാക്ഷി സിന്‍ഹ, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് മുംബൈ മലയാളിയായ ശ്വേത വെങ്കട്ട് മാത്യുവാണ്

ദൃശ്യ സംയോജനങ്ങളിലൂടെ പ്രേക്ഷകരിൽ വിസ്മയങ്ങളുടെ നൂതനാനുഭവങ്ങൾ സൃഷ്ടിച്ച ശ്വേത വെങ്കട്ട് മാത്യു ഈ മേഖലയിലെ പെൺ സാന്നിധ്യമായാണ് തിളങ്ങുന്നത്.

കഥയുടെ കാണാപ്പുറങ്ങൾ കൈവിരൽ തുമ്പിലൂടെ ആവിഷ്ക്കരിച്ച് വളരെ സൂക്ഷ്മമായി ചെയ്യേണ്ട ഒരു പ്രക്രിയയാണ് ചിത്രസംയോജനം.

പ്രേക്ഷക മനസ്സുകളിൽ സംയോജന വസന്തം വിരിയിച്ച പ്രതിഭയാണ് ശ്വേത പരസ്യ രംഗത്ത് നിന്നാണ് ബോളിവുഡ് സിനിമയിലേക്ക് ചുവടു വക്കുന്നത്.

സൂപ്പർമാൻ ഓഫ് മാലേഗാവ് എന്ന ചിത്രത്തിലൂടെ ചിത്രസംയോജനത്തിന് പുതിയ മാനങ്ങൾ കണ്ടെത്തിയ ശ്വേതാ തൃശ്ശൂർ സ്വദേശി വെങ്കിടാചലത്തിന്റെ മകളാണ്.

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ ശ്വേത ലവ് സ്റ്റോറി മുതൽ ക്രൈം സ്റ്റോറി വരെയുള്ള വ്യത്യസ്ത സിനിമകൾക്കായി മാന്ത്രിക വിരലുകൾ ചലിപ്പിച്ചിട്ടുണ്ട്.

തികച്ചും യാദൃശ്ചികമായാണ് എഡിറ്റിംഗ് രംഗത്തേക്ക് വന്നതെങ്കിലും മനസ്സിൽ എന്നും സിനിമ ഉണ്ടായിരുന്നുവെന്ന് ശ്വേത പറയുന്നു.

സിനിമകൾ കാണുമ്പോൾ തന്നെ കൂടുതൽ ആകർഷിച്ചിരുന്നത് ചിത്രത്തിന്റെ സാങ്കേതിക മേഖലയാണെന്നും അത് കൊണ്ട് തന്നെ ചിത്രം കണ്ടു കഴിഞ്ഞാൽ പലപ്പോഴും അതിലെ തെറ്റുകളും അബദ്ധങ്ങളും തന്നെ നിരന്തരം വേട്ടയാടാറുണ്ടെന്നും ശ്വേത പറയുന്നു.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ഉടൻ ഒരു സ്റ്റുഡിയോയിൽ ചേർന്ന് എഡിറ്റിംഗ് ജോലികൾ ചെയ്യുവാൻ തുടങ്ങി.

ഏതാണ്ട് ഏഴു വർഷത്തോളം ഇവിടെ പരസ്യ ചിത്രങ്ങളിൽ വ്യാപൃതയായി കഴിഞ്ഞു കൂടി. ഇതിനിടയിലാണ് ഒരു ഡോക്യുമെന്ററി ചെയ്യുവാൻ അവസരം ലഭിച്ചത്.

അതായിരുന്നു സൂപ്പർമാൻ ഓഫ് മാലേഗാവ്. ഡോക്യുമെന്ററി ശ്രദ്ധിക്കപ്പെട്ടതോടെ രണ്ടു സിനിമകൾ ചെയ്യാനുള്ള അവസരവും തന്നെ തേടിയെത്തി. അതൊരു വലിയ തുടക്കമായിരുന്നു.

റിലീസിന് തയ്യാറായിരിക്കുന്ന അഭിഷേക് വര്‍മ൯ തിരക്കഥെഴുതി സംവിധാനം ചെയ്യുന്ന ‘കലങ്ക്’. ആണ് ശ്വേതയുടെ ഏറ്റവും പുതിയ ചിത്രം.

ആലിയ ഭട്ട്, വരുണ്‍ ധവാന്‍, മാധുരി ദീക്ഷിത്, സൊനാക്ഷി സിന്‍ഹ, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരാണ് ‘കലങ്ക്’ എന്ന ചിത്രത്തിനായി അണിനിരക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്.

വിഭജന കാലത്ത് നടക്കുന്ന മനോഹരമായ പ്രണയകഥയാണ് സിനിമ പങ്കു വയ്ക്കുന്നത്.പീരിഡ് ഡ്രാമയായി ഒരുങ്ങുന്ന സിനിമയുടെ ബി. ജി. എം, ഫ്രെയിമുകള്‍ എന്നിവ മികച്ച നിലവാരം പുലര്‍ത്തുന്നു.

അന്തരിച്ച നടി ശ്രീദേവി ആയിരുന്നു മാധുരി ദീക്ഷിതിന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത്. സിനിമയുടെ മനോഹരമായ ഫ്രെയിമുകള്‍ ക്യാമറയിലാക്കിയത് ബിനോദ് പ്രധാന്‍.

ധര്‍മ പ്രൊഡക്ഷന്‍സ്, നാദിയാദ് വാല ഗ്രാന്റ്‌സണ്‍ എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറില്‍ കരണ്‍ ജോഹര്‍, സാജിദ് നാദിയാദ് വാല, ഹിരൂ യാഷ് ജോഹര്‍, അപൂര്‍വ്വ മേഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ 2019 ഏപ്രില്‍ 17-ന് റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News