ചെര്‍പ്പുളശേരി സംഭവം; മാധ്യമ കള്ളവാര്‍ത്തകള്‍ ഒരിക്കല്‍കൂടി പൊളിയുന്നു; വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ

പാലക്കാട‌്: ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ യുവാവിനെ യുവജനസംഘടനയുടെ പ്രവർത്തകനായി ചിത്രീകരിച്ച‌് തെറ്റിദ്ധാരണ പരത്തുന്നത‌് സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താൻ.

പ്രതി ഏത‌് യുവജനസംഘടനയുടെ പ്രവർത്തകനാണ‌് എന്ന‌് പറയാതെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കരിവാരിത്തേക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ചെര്‍പ്പുളശേരി പൊലീസിന് യുവാവ് നല്‍കിയ മൊഴിയിൽ ഒരിടത്തും ചെർപ്പുളശേരിയിലെ സിപിഐ എം പാർടി ഓഫീസിൽ പോയതായി പറയുന്നില്ല.

മാത്രമല്ല, ഒരു യുവജനസംഘടനയുമായും തനിക്ക‌് ബന്ധമില്ലെന്നും മൊഴിയുണ്ട‌്. ഇയാളുടെ സംഘടനാ ബന്ധം കണ്ടെത്താൻ വാർത്ത നൽകിയ മാധ്യമങ്ങൾ ശ്രമിക്കുന്നുമില്ല എന്നതാണ‌് വാര്‍ത്തയിലെ ഗൂഢാലോചന തെളിയിക്കുന്നത‌്.

യുവാവും യുവതിയും കോളേജിൽ വച്ചാണ‌് പരിചയപ്പെട്ടതെന്നാണ‌് വാർത്തയിൽ പറയുന്നത‌്. എന്നാൽ കോളേജിൽ പോകാത്ത യുവാവ‌് എങ്ങനെയാണ‌് സഹപാഠിയാകുക. ആറ‌് വർഷമായി ചെർപ്പുളശേരി ടൗണിൽ വർക്ക‌്ഷോപ്പ‌് നടത്തുന്നയാളാണ‌് പ്രതി.

കോളേജ‌് മാഗസിനുമായും പെൺകുട്ടിക്ക‌് ബന്ധവുമില്ല. സംഭവത്തെക്കുറിച്ച‌് പൊലീസ‌് അന്വേഷണം നടത്തണമെന്ന‌ും കുറ്റക്കാരെ നിയമത്തിന‌് മുന്നിൽ കൊണ്ടുവരണമെന്നും സിപിഐ എം ഏരിയ സെക്രട്ടറി കെ ബി സുഭാഷ‌് വാർത്താസമ്മേളനത്തിൽ ആവർത്തിച്ചിരുന്നു. എന്നിട്ടും പാർടിയെ അപകീർത്തിപ്പെടുത്താനാണ‌് ചില മാധ്യമങ്ങൾ കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്.

വാർത്ത മാധ്യമങ്ങളിൽ വരുന്നതിന‌് മുമ്പ‌് ചില കോൺഗ്രസ‌് നേതാക്കൾ ഫേസ‌്ബുക്ക‌് വഴി പാർടി ബന്ധം ആരോപിച്ച‌് കമന്റ‌് ഇട്ടത‌് സംഭവം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ്.

തെരഞ്ഞെടുപ്പ‌് പ്രചാരണ രംഗത്ത‌് ഇടതുപക്ഷം നേടിയ മേൽക്കൈ യുഡിഎഫിനേയും ബിജെപിയേയും വല്ലാതെ അങ്കലാപ്പിലാക്കിയതോടെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് എൽഡിഎഫിനെതിരെ ഉപയോഗിക്കുക എന്ന ഗുഢാലോചനയാണ‌് നടക്കുന്നത‌്.

പാർടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ചെർപ്പുളശേരിയില്‍ സിപിഐ എം ഓഫീസ‌് രാത്രി പത്ത‌് വരെ സജീവമായി പ്രവർത്തിക്കുന്ന കേന്ദ്രമാണ‌്. മറ്റ‌് വർഗ ബഹുജന സംഘടനകളുടെ പ്രവർത്തന കേന്ദ്രം കൂടിയാണ് പാര്‍ടി ഓഫീസ്.

ആകെയുള്ള മൂന്ന‌് മുറികളിൽ ചുമതലയുള്ള ജീവനക്കാരുമുണ്ട‌്‌. ദിവസേന നൂറ‌്കണക്കിനാളുകൾ വന്നുപോകുന്ന ഓഫീസ‌് കൂടിയാണിത‌്.

ഈ ഓഫീസിനെ വലിച്ചിഴച്ചതിന‌് പിന്നിലെ ഗൂഢാലോചനയും പൊലീസ‌് അന്വേഷിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട‌്.

ഡിവൈഎഫ‌്ഐ പ്രവർത്തകനാണ‌് പ്രതിയെന്ന‌് കാണിച്ച‌് അടിസ്ഥാനരഹിതമായ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ നിയമ നടിപടി സ്വീകരിക്കുമെന്ന‌് ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി കെ പ്രേംകുമാർ പറഞ്ഞു.

നേതാവ‌് പോയിട്ട‌് സാധാരണ അംഗമോ അനുഭാവിയോ അല്ലാത്തയാളെയാണ‌് ഡിവൈഎഫ‌്ഐ നേതാവായി ചിത്രീകരിച്ച‌് ജനങ്ങളിൽ സംഘടനയെകുറിച്ച‌് അവമതിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത‌്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രേംകുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News