ഹോളിയുടെ ‘ലഹരി’യില്‍ പിഴയടച്ച് നിറം മങ്ങിയവര്‍ ആയിരങ്ങള്‍

മറ്റു ആഘോഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി പലര്‍ക്കും അടിച്ചു പൊളിക്കാനൊരു അവസരം കൂടിയാണ് ഹോളി. വര്‍ണങ്ങള്‍ വാരി വിതറി നിറങ്ങളുടേയും വെളളത്തിന്റേയും ഒരു ഉത്സവമായാണ് ഹോളി ആഘോഷിച്ചു വരുന്നത്. പരസ്പരം ചായം വാരി പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നാണ് വിശ്വാസം.

നൃത്തത്തിനും സംഗീതത്തിനും ഒപ്പം ബാംഗെന്ന ലഹരി പാനീയവും കൂടി ചേരുമ്പോഴാണ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ആഘോഷം അതിന്റെ പാരമ്യത്തിലെത്തുക. മുംബൈയിലും ചിലരെല്ലാം ഈ ‘ആചാരം’ പിന്തുടരുമ്പോഴും കാലത്തിനൊത്ത് ബ്രാന്‍ഡിലും മാറ്റങ്ങള്‍ കൊണ്ട് വന്നവരാണ് അധികവും.

അങ്ങിനെയാണ് ഹോളി ആഘോഷത്തോടൊപ്പം ഒന്ന് ‘മിനുങ്ങി’ വണ്ടിയോടിച്ച 726 പേര്‍ക്ക് ട്രാഫിക് പോലീസ് മദ്യപിച്ചു ഡ്രൈവ് ചെയ്തതിന് പിഴയടച്ച രസീത് നല്‍കിയത്. ഇത് കൂടാതെ ലക്കില്ലാതെ വണ്ടിയോടിച്ചതിന് 166 പേരും പോലീസ് വലയില്‍ കുടുങ്ങി. അമിത വേഗതയുടെ ആവേശത്തില്‍ ആറാടിയ 432 പേര്‍ക്കാണ് പിഴയടച്ച രസീത് കൈയ്യില്‍ കിട്ടിയതോടെ ആവേശമടങ്ങിയത്.

ഹോളി നല്‍കുന്ന ഒരുമയുടെ സന്ദേശം അന്വര്‍ഥമാക്കാന്‍ ഒരു ബൈക്കില്‍ മൂന്ന് പേര്‍ ചേര്‍ന്ന് ഉല്ലാസ യാത്ര നടത്തിയ 789 യാത്രക്കാര്‍ക്കും ട്രാഫിക് നിയമത്തിന്റെ ആദ്യ പാഠത്തോടൊപ്പം പിഴയടപ്പിച്ചാണ് പോലീസ് വിട്ടയച്ചത്. ഹെല്‍മറ്റില്ലാതെ ജോയ് റൈഡില്‍ ഉല്ലസിച്ച 4738 യാത്രക്കാരുടെ തലയിലും ട്രാഫിക് പോലീസ് പിഴ ചുമത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here