യെഡ്ഡി ഡയറി തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ കോണ്‍ഗ്രസ്; പ്രതിരോധിക്കാന്‍ ബിജെപി

മുഖ്യമന്ത്രി സ്ഥാനത്തിനായി ബിഎസ് യെദിയുരപ്പ ബിജെപി കേന്ദ്ര നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയെന്ന വെളിപ്പെടുത്തലിനെ സജീവ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാന്‍ കോണ്‍ഗ്രസ്.

മേ ഹീ ചൌക്കിദാറനെന്ന പേരില്‍ ബിജെപി നടത്തുന്ന പ്രചാരണത്തിന് വിലങ്ങിടാന്‍ റഫാലിനൊപ്പം യെഡ്ഡി ഡയറിയും വിഷയമാക്കാന്‍ ആണ് കോണ്‍ഗ്രസ് തീരുമാനം.

എന്നാല്‍ മറുപടിയായി ഡികെ ശിവകുമാറിനെതിരായ ആരോപണങ്ങള്‍ ഉയര്‍ത്തിയായിരിക്കും ബിജെപി പ്രതിരോധിക്കുക.
അഴിമതി ആരോപണങ്ങള്‍ കൊണ്ടും, അതിരുവിട്ട ധന സമ്പാദനം കൊണ്ടുമെല്ലാം നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവാണ് ഡികെ ശിവകുമാര്‍. സംസ്ഥാനത്തെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നടത്തിയ ഒപ്പറേഷന്‍ താമരയെ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത് ഡികെയുടെ തന്ത്രങ്ങളിലൂടെയായിരുന്നു.

അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ എല്ലാ കാലത്തും ഡികെ ശിവകുമാറിന്റെ പിന്നിലുണ്ടായിരുന്നു. 2016ല്‍ ഡികെ ശിവകുമാറിന്റെ വീട്ടില്‍ നടത്തിയ ഒരു റെയ്ഡിലായിരുന്നു യെദിയുരപ്പെയെയും ബിജെപി കേന്ദ്ര നേതാക്കളെയും പ്രതിരോധത്തിലാക്കിയ വിവാദ ഡയറിയുടെ വരവ്. റെയ്ഡിനിടെ ഡയറിക്കുറിപ്പിന്റെ പകര്‍പ്പ് ഡികെ തന്നെയാണ് ആദായ നികുതി വകുപ്പിന് നല്‍കിയത്.

എന്നാല്‍ ഒറിജനല്‍ കണ്ടെത്താനായിട്ടില്ലെന്നും, രേഖയുടെ ഉറവിടം വ്യക്തമാക്കാന്‍ ഡികെ ശിവകുമാര്‍ തയ്യാറായില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. രേഖയുടെ ആധികാരികത സംബന്ധിച്ച തര്‍ക്കങ്ങളില്‍ തീരുമാനം ആയാലും ഇല്ലെങ്കിലും വിഷയം പ്രചാരണ വിഷയമാക്കി ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക.

വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് പ്രചാരണ വേദികളില്‍ ആരോപണം ഉയര്‍ന്ന് കേള്‍ക്കും. ഇതിനെ ഡികെ ശിവകുമാറുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകള്‍ പുറത്ത് വിട്ട് ബിജെപി പ്രതിരോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാംഗ്ലൂരിലെ സ്റ്റീല്‍ ഫ്‌ലൈഓവര്‍ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട ഒരു ഡയറി കണ്ടെത്തിയിട്ടുണ്ടെന്നും, അതില്‍ സോണിയ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടേയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. ചുരുക്കത്തില്‍ ആരോപണ പ്രത്യാരോപണങ്ങളാല്‍ കലുശിതമാകുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News