ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. ആറു വിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് പരാജയപ്പെടുത്തിയത്.

182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത അവസാന ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെയാണ് കൊല്‍ക്കത്തയുടെ വിജയം. അവസാന ഓവറില്‍ കൊല്‍ക്കത്തയ്ക്ക് 13 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്.

അവസാന ഓവറുകളില്‍ മിന്നുന്ന പ്രകടനം കാ‍ഴ്ചവെച്ച ആന്ദ്രെ റസ്സലും ശുഭ്മാന്‍ ഗില്ലുമാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്.

19 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത റസ്സലും 10 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ഗില്ലും പുറത്താകാതെ നിന്നു. നിതീഷ് റാണ 47 പന്തില്‍ 68 റണ്‍സ് നേടി കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം നല്‍കിയിരുന്നു

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സെടുത്തത്.

53 പന്തില്‍ നിന്ന് 85 റണ്‍സടിച്ച ഓസീസ് താരം ഡേവിഡ് വാര്‍ണറുടെ അര്‍ദ്ധ സെഞ്ചുറിയുടെ മികവിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.