അര്‍ബുദ ചികിത്സക്ക് നാഴിക്കല്ലായി ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ ഡോക്ടര്‍മാര്‍. കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ ഞരമ്പുകളിലൂടെ കുത്തിവെക്കാവുന്ന മരുന്ന്, എലികളില്‍ പരീക്ഷിച്ച് വിജയിച്ച് ക്ലിനിക്കല്‍ പരീക്ഷണത്തിനായി കൈമാറി.

നാട്ടില്‍ സാധാരണകാണുന്ന ഒരു ചെടിയില്‍നിന്നുള്ള ഏക തന്മാത്രാ രാസ പദാര്‍ഥമുപയോഗിച്ചാണ് മരുന്ന് വികസിപ്പിച്ചത്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും മറ്റുമായി ഒരു സ്വകാര്യകമ്പനിക്ക് ഇതിന്റെ സാങ്കേതികത കൈമാറി.

മനുഷ്യരില്‍ ഈ മരുന്നിന്റെ ഫലം വിലയിരുത്തിയ ശേഷമാകും വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുക. ഏറെ ചെലവേറിയതിനാലാണ് മറ്റൊരു കമ്പനിക്ക് ഗവേഷണഫലം കൈമാറിയത്. ചെടിയെക്കുറിച്ചുള്ളതുള്‍പ്പെടെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തില്ല.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനത്തിന്റെ ഭാഗമായാണ് ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മരുന്ന് വികസിപ്പിച്ചത്.

എലികളില്‍ ഒറ്റ ഡോസ് ഉപയോഗിച്ച് പരീക്ഷിച്ചതില്‍ ഇത് വിജയകരമാണെന്ന് തെളിഞ്ഞു. ഒന്നിലധികം ഡോസ് ഉപയോഗിച്ചാല്‍ മൃഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന പരീക്ഷണങ്ങള്‍ക്ക് ശേഷമാകും മനുഷ്യരില്‍ ചികിത്സാ പരീക്ഷണങ്ങള്‍ ആരംഭിക്കുക.