‘അംബേദ്ക്കര്‍ തോറ്റുപോയ ഒരു കഥയുണ്ട്, വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കി തോല്‍പ്പിച്ച കഥ’

അയിത്തവും അടിമത്തവും അനുഭവിച്ച ജാതി ജനവിഭാഗത്തില്‍ ജനിച്ചതു കൊണ്ടു ഇന്ത്യ അറിയാതെ പോയ ഇന്ത്യയെ അറിയിക്കാന്‍ വിസമ്മതിച്ച മഹാത്മാവാണ് ഡോ. ബി. ആര്‍. അംബേദ്ക്കര്‍.

അതിസങ്കീര്‍ണമായ ദേശീയ സാഹചര്യത്തില്‍ ഇടപെട്ടുകൊണ്ടാണ് ഡോ. ബി.ആര്‍. അംബേദ്ക്കര്‍ സ്വന്തം രാജ്യത്ത് മനുഷ്യര്‍ക്ക് മനുഷ്യരായി തന്നെ ജീവിക്കാനുള്ള അവകാശങ്ങളെ സ്ഥാപിച്ചെടുത്തത്.

കാലം കാത്ത് വച്ച കാവ്യനീതി എന്നപോലെ അംബേദ്ക്കര്‍ രാഷ്ട്രീയം ചര്‍ച്ചചെയ്യേണ്ടത് ഇന്ന് ഒരു അനിവാര്യതയായി മാറിയിരിക്കുന്നു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അംബേദ്ക്കര്‍ തോറ്റുപോയ ഒരു കഥയുണ്ട്. വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കി അംബേദ്ക്കറെ തോല്‍പ്പിച്ച കഥ.

ഭരണഘടനയുടെ അവസാന മിനുക്ക് പണിയും കഴിഞ്ഞ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍, ഭരണഘടനയുടെ മുഖ്യ ശില്‍പ്പി ബിആര്‍ അംബേദ്ക്കറിന് ചുറ്റും അംഗങ്ങള്‍ കൂടി.

രാജ്യം ആദ്യത്തെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍, അംബേദ്ക്കര്‍ എവിടെ മത്സരിക്കും എന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത് ?

അംബേദ്ക്കര്‍ ഉറച്ച് പറഞ്ഞു, ബോംബെ സിറ്റി നോര്‍ത്ത്. പക്ഷേ ചിലര്‍ അത് തിരുത്താന്‍ ശ്രമിച്ചു. ബോംബെ സിറ്റി നോര്‍ത്തില്‍ ദളിത് വിഭാഗങ്ങള്‍ കുറവ് ആണെന്ന് സമിതി അംഗമായ അല്ലാടി കൃഷ്ണസ്വാമി ഉപദേശിച്ചു. പക്ഷേ അംബേദ്ക്കര്‍ വഴങ്ങിയില്ല. അദ്ദേഹം ബോംബെ സിറ്റി നോര്‍ത്ത് മണ്ഡലത്തില്‍ ധീരമായി മത്സരിച്ചു.

പക്ഷേ ബോംബെ സിറ്റി നോര്‍ത്ത് മണ്ഡലത്തില്‍ ഭീകരമായ ഒരു അട്ടിമറി നടന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി ബിആര്‍ അംബേദ്ക്കര്‍ ദയനീയമായി പരാജയപ്പെട്ടു.

തോല്‍പ്പിച്ചതാവട്ടെ, പാല്‍ വില്‍പ്പനക്കാരനും രാഷ്ട്രീയത്തില്‍ കാര്യമായി പരിചയം ഒന്നും ഇല്ലാത്ത ആളുമായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കജ്രോല്‍ക്കര്‍ അന്ന് ബോംബെ നഗരത്തില്‍ മുഴങ്ങിയ മുദ്രാവാക്യം ഇങ്ങനെ ആയിരുന്നു,

കുഥെ തൊ ഖട്‌നാകര്‍ അംബേദ്ക്കര്‍ അതി കുഥെ ഹാ ലോനിവിക്യ കജ്രോല്‍ക്കര്‍. (എവിടെ ഗംഭീര ഭരണഘടനാ നിര്‍മ്മാതാവ്? എവിടെ ശുംഭന്‍ വെണ്ണക്കാരന്‍ കജ്രോല്‍ക്കര്‍)

കോണ്‍ഗ്രസ് സമര്‍ത്ഥമായി പ്രയോഗിച്ച വര്‍ഗ്ഗീയ കാര്‍ഡാണ് അംബേദ്ക്കറിനെ തോല്‍പ്പിച്ചത്. കശ്മീര്‍ പ്രശ്‌നത്തില്‍ അംബേദ്ക്കര്‍ ഇന്ത്യാ വിരുദ്ധ സമീപനം കൈക്കൊണ്ടുവെന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന പ്രചരണം.

ഈ പ്രചാരണം മണ്ഡലത്തിലെ ദളിത് വോട്ടര്‍മാരെ പോലും സ്വാധീനിച്ചു. അംബേദ്ക്കറെ രാഷ്ട്രപതിയാക്കണെമന്ന് അഭിപ്രായപ്പെട്ടിരുന്ന മഹാത്മാഗാന്ധി മഹാനായ നേതാവിന്റെ പതനം കാണാന്‍ ജീവിച്ചിരുപ്പുണ്ടായിരുന്നില്ല.

ആദ്യ തെരഞ്ഞെടുപ്പില്‍ മുംബൈയില്‍ ഏറ്റ പരാജയം അംബേദ്കറെ തളര്‍ത്തിയിരുന്നു. പരാജയത്തിന് ശേഷം അദ്ദേഹം രാജ്യസഭാഗം ആയി. എന്നാല്‍ രോഗങ്ങളും കടുത്ത നിരാശയും അവസാന നാളുകളില്‍ അദ്ദേഹത്തെ വേട്ടയാടിയിരുന്നു. 1956ല്‍ അദ്ദേഹം അന്തരിച്ചു.
വോട്ട് കഥ തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here