തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു. വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരും. ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി വരെ ഉയരും. ചുട്ടുപൊള്ളുന്ന വെയിലിനെ നേരിടാന്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

വേനല്‍ മഴ അകന്നുനില്‍ക്കുകയും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നതുമാണ് സംസ്ഥാനം ചുട്ടുപൊള്ളാന്‍ കാരണമായത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഈ മാസം 28 വരെ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്.

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി വരെയും ഇന്നും നാളെയും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെയും ഉയരുവാന്‍ സാധ്യതയുണ്ട്.

28 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ ജനങ്ങള്‍ പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതിന് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി.

ചുട്ട്പൊള്ളുന്ന വെയിലിനെ നേരിടാന്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. നിര്‍ജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കണം. പുറത്തിറങ്ങുന്ന സാഹചര്യങ്ങളില്‍ കുട ഉപയോഗിക്കുക. കൂടാതെ സംഭാരം, നാരങ്ങാ വെള്ളം, കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ജ്യൂസ് എന്നിവ കുടിക്കുക.

കുടിക്കുന്ന വെള്ളം നല്ലതാണെന്ന് ഉറപ്പ് വരുത്തണം. ചായ, കാപ്പി എന്നിവ ഒഴിവാക്കണം. കനത്ത ചൂടില്‍ ബൈക്ക് യാത്ര ഒഴിവാക്കുക. ക്ഷീണമോ, ശാരീരിക അസ്വസ്ഥതയോ, അമിത വിയര്‍പ്പൊ തോന്നിയാല്‍ വിശ്രമിക്കുക.

ആവശ്യമെങ്കില്‍ വൈദ്യസഹായം തേടുക. കടുത്ത ക്ഷീണമടക്കമുള്ള അസ്വസ്തത അനുഭവപ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടുക. സൂര്യാഘാതത്തിന് പുറമെ സാംക്രമിക രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. ഇതിനെതിരെയും കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് ജാഗ്രത നല്‍കി.