ദില്ലി: ബിജെപിയില്‍ കലാപകൊടി ഉയരുന്നു. മോദി-അമിത്ഷാ അപ്രമാദിത്വത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട എല്‍കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവര്‍ പാര്‍ടി നേതൃത്വത്തിനെതിരെ രംഗത്ത്.

മുരളീ മനോഹര്‍ ജോഷിയുടെ മണ്ഡലമായ വാരണാസി 2014ല്‍ മത്സരിക്കാനായി കൈയ്യടക്കിയ മോദി, പകരം നല്‍കിയ കാണ്‍പൂര്‍ സീറ്റ് ഇത്തവണ മുരളീ മനോഹര്‍ ജോഷിയ്ക്ക് നല്‍കുന്നില്ല. സംഘടന ജനറല്‍ സെക്രട്ടറി റാം ലാല്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടതായി വ്യക്തമാക്കി കാണ്‍പൂരിലെ പ്രവര്‍ത്തകര്‍ക്ക് ജോഷി എഴുതി കുറിപ്പ് പുറത്ത് വന്നു.

തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്‍മാറുന്നതായി സ്വയം പ്രഖ്യാപിക്കാന്‍ മുരളീ മനോഹര്‍ ജോഷിയോട് ദൂതന്‍മാര്‍ മുഖേന മോദിയും അമിത് ഷായും ആവശ്യപ്പെട്ടെങ്കിലും നേരിട്ട് സംസാരിക്കാത്തതില്‍ മുരളീ മനോഹര്‍ ജോഷി ദൂതന്‍മാരോട് പൊട്ടിത്തെറിച്ചു. എന്ത് കോണ്ട് എന്നോട് നേരിട്ട് സംസാരിക്കാന്‍ അവര്‍ ഭയപ്പെടുന്നു എന്നായിരുന്നു ജോഷിയുടെ ചോദ്യം.

എല്‍.കെ.അദ്വാനിയോടും വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സമീപിച്ചെങ്കിലും ഉത്തരവാദിത്വപ്പെട്ടവര്‍ സംസാരിക്കട്ടെയേന്ന് അദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ആരരും സംസാരിച്ചില്ല. സീറ്റില്ല എന്ന കാര്യം പ്രഖ്യാപനത്തിലൂടെ മാത്രമാണ് അദ്വാനി അറിഞ്ഞത്.

സ്ഥാപക നേതാക്കളെ അവഗണിച്ചതില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിനും അമര്‍ഷമുണ്ടെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം പട്ന സാഹിബിലെ ബിജെപി സിറ്റിങ്ങ് എംപിയും ചലച്ചിത്ര താരവുമായ ശത്രുഘനന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുമെന്ന് ബീഹാര്‍ കോണ്ഗ്രസ് പ്രചാരണ സമിതി ചെയര്‍മാന്‍ അഖിലേഷ് പ്രസാദ് സിങ്ങ് പ്രഖ്യാപിച്ചു.

ബിജെപിയിലെ മോദി വിമര്‍ശകനായ ശത്രുഘനന്‍സിന്‍ഹയ്ക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയില്ല. പകരം രവിശങ്കര്‍ പ്രസാദിനെയാണ് പട്ന സാഹിബില്‍ മത്സരിപ്പിക്കുന്നത്. 28,29 തിയതികളില്‍ ദില്ലിയിലെത്തുന്ന ശത്രുഘനന്‍ സിന്‍ഹ കോണ്‍ഗ്രസ് നേതാക്കളെ കണ്ട് അംഗത്വം സ്വീകരിക്കും.