കൊല്ലം: ഓച്ചിറയില്‍ നിന്നും കാണാതായ നാടോടി പെണ്‍കുട്ടിയെ കണ്ടെത്തി.

മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെയും യുവാവിനെയും അന്വേഷണസംഘം കണ്ടെത്തിയത്. പ്രതി മുഹമ്മദ് റോഷനെ കസ്റ്റഡിയിലെടുത്തു. കേരളാ പൊലീസിന്റെ ഷാഡോ സംഘമാണ് ഇരുവരെയും കണ്ടെത്തിയത്. കരുനാഗപ്പള്ളി അസി കമീഷണറുടെ നേതൃത്വത്തിലും കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമാണ് അന്വേഷണം നടത്തിവന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് റോഷനെതിരെ കേസെടുത്തിരുന്നത്. കൊല്ലം സിറ്റി പൊലീസിന്റെയും കരുനാഗപ്പള്ളി പൊലീസിന്റെയും രണ്ടു സംഘങ്ങള്‍ കഴിഞ്ഞ രണ്ടുദിവസമായി മഹാരാഷ്ട്രയിലുണ്ടായിരുന്നു.

ഓച്ചിറ പള്ളിമുക്കിന് സമീപം ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികളുടെ മകളെയാണ് കാണാതായത്. ഈ മാസം 18ന് രാത്രി പെണ്‍കുട്ടിയെയും കൊണ്ട് റോഷന്‍ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് പോയി.

പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കി അവിടെനിന്നും രാജസ്ഥാനിലേക്ക് പോയി. അതിനുശേഷമാണ് നാലുദിവസം മുന്‍പ് മഹാരാഷ്ട്രയിലെത്തിയത്. മഹാരാഷ്ട്രയില്‍ റോഷന്റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇരുവരും കഴിഞ്ഞതെന്നാണ് സൂചന.

ഇരുവരുമായി അല്‍പ്പസമയത്തിനകം പൊലീസ് സംഘം കേരളത്തിലേക്ക് തിരിക്കും.