തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ കൂടുതല്‍ സാമ്പത്തിക ക്രമക്കേട് പുറത്ത്.

പ്രളയ ദുരിതാശ്വാസ തുക പിരിച്ചതിലും യുഎന്‍എ വന്‍ വെട്ടിപ്പ് നടത്തിയതിന്റെ രേഖകള്‍ പീപ്പിള്‍ പുറത്ത് വിട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത് 11 ലക്ഷം രൂപ. പക്ഷെ പിരിച്ചതാകട്ടെ 32 ലക്ഷം രൂപ. സംഭാവന സ്വീകരിക്കാനായി വ്യാജ ലെറ്റര്‍ ഹെഡും ഉപയോഗിച്ചു.

യുണൈറ്റ്ഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സംഘടനയുടെ കൂടുതല്‍ ക്രക്കേടിന്റെ തെളിവുകള്‍ പുറത്ത് വന്നത്.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലെയ്ക്ക് പിരിച്ചതുകയുടെ കണക്കും സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ മറച്ചുവച്ചു.

ദുരിതാശ്വാസ നിധിയിലെയ്ക്ക് നല്‍കാന്‍ 11 ലക്ഷം രൂപ പിരിക്കാന്‍ തീരുമാനിച്ചതായും അതിനായി 305 രൂപ നഴ്‌സുമാരുടെ ലെവി എടുക്കുന്നതായും യുഎന്‍എ സംസ്ഥാന ട്രഷറര്‍ ബിബിന്‍ പോള്‍ നഴ്‌സുമാരെ അറിയിച്ചിരുന്നു. എന്നാല്‍ ആകെ പിരിച്ച തുക 32 ലക്ഷം രൂപയാണ് എന്നത് സംഘടനാ ഭാരവാഹികള്‍ മറച്ചുവച്ചു.

2018 സെപ്തംബര്‍ 13ന് 20 ലക്ഷം രൂപയും ഒക്ടോബര്‍ ഒന്നിന് 36,000 രൂപയും ഒക്ടോബര്‍ പത്തിന് 1 ലക്ഷം രൂപയും സംഘടന ദുരിതാശ്വാസ നിധിയിലെക്ക് നല്‍കാന്‍ പിരിച്ചു. കൂടാതെ പ്രളയ ബാധിതരെ സഹായിക്കാനായി എന്ന പേരില്‍ മുംബൈയിലെ ഗാര്‍വേയര്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നും 10 ലക്ഷം രൂപ സംഭാവനയായും കൈപ്പറ്റി.

സംഭാവന സ്വീകരിക്കാനായി യുണൈറ്റ്ഡ് നഴ്‌സസ് അസോസിയേഷന്റെ വ്യാജ ലെറ്റര്‍ ഹെഡും ഉപയോഗിച്ചു എന്നത് തട്ടിപ്പിന്റെ ആഴം കൂട്ടുന്നു.

കാരണം സംഘടനയുടെ ദേശീയ പ്രസിഡന്റായ ജാസ്മിന്‍ ഷായെയാണ് ലെറ്റര്‍ ഹെഡില്‍ സംസ്ഥാന പ്രസിഡന്റായി കാണിച്ചിരിക്കുന്നത്. നിലവില്‍ ഷോബി ജോസഫാണ് യുഎന്‍എയുടെ സംസ്ഥാന പ്രസിഡന്റ്.

പിരിച്ച തുക കൃത്യമായി എത്രയെന്നോ അത് ദുരിതാശ്വാസ നിധിയിലേക്ക് എപ്പോള്‍ കൈമാറുമെന്നോ പറയാന്‍ ജാസ്മിന്‍ ഷാ തയ്യാറാകാത്തതും യുഎന്‍എ ഭാരവാഹികളുടെ കള്ളക്കളികള്‍ വ്യക്തമാക്കുന്നു.