കാന്‍സറിനു മരുന്ന്: ഗവേഷകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

കാന്‍സറിനു മരുന്നു കണ്ടെത്താനുള്ള ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷക ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ ഫലവത്താകുന്നു എന്നത് ലോകം ആശ്വാസ സന്തോഷങ്ങളോടെയാണു കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വേദനയനുഭവിക്കുന്ന കോടിക്കണക്കായ ആളുകള്‍ക്കുള്ള സാന്ത്വനത്തിന്റെ കണ്ടെത്തല്‍ നമ്മുടെ കേരളത്തില്‍ നിന്നായി എന്നത് സംസ്ഥാനത്തിനും ഇവിടുത്തെ ജനതയ്ക്കും രാഷ്ട്രത്തിനാകെത്തന്നെയും അഭിമാനിക്കാന്‍ വകതരുന്നുണ്ട്. ഇത് കേരളത്തിന്റെ യശസ്സ് ലോകരംഗത്ത് ശ്രദ്ധേയമാംവിധം ഉയര്‍ത്തിയിരിക്കുന്നു.

കേരളത്തിലെ ശാസ്ത്രപ്രതിഭകള്‍ അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഒന്നാംനിരയില്‍ നില്‍ക്കുന്നവരാണെന്നത് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തില്‍ ഡോ. രഞ്ജിത് പി.നായര്‍, ഡോ. മോഹനന്‍, ഡോ. ആര്യ അനില്‍, ഡോ. മെജോ സി.കോര, ഡോ.ഹരികൃഷ്ണന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

കഴിവിലും വൈദഗ്ധ്യത്തിലും മികവിലും ആര്‍ക്കും പിന്നിലല്ലാത്ത വിധം പ്രതിഭ തെളിയിച്ച ഇവരെ എത്രയേറെ അഭിനന്ദിച്ചാലും മതിയാവില്ല. മനുഷ്യത്വവും പ്രതിഭയും സമന്വയിച്ചതിന്റെ ഫലമാണ് ഈ കണ്ടുപിടിത്തം.

ജീവകാരുണ്യപരമായ മഹത്തായ നേട്ടം എന്നുവേണം ഇതിനെ വിശേഷിപ്പിക്കാന്‍. ഇത് സാര്‍വദേശീയ ശാസ്ത്രതലത്തില്‍ ആത്യന്തികമായി അംഗീകരിക്കപ്പെടുമെന്നും അര്‍ബുദത്തിനുള്ള ഫലപ്രദമായ പ്രതിവിധിയായി ഉപകരിക്കുമെന്നും അങ്ങനെ ജനകോടികള്‍ രോഗമുക്തമാവുമെന്നും പ്രത്യാശിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News