പൊലീസ് ആസ്ഥാനത്തിന് മുകളില്‍ ഡ്രോണ്‍ കണ്ടു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തിന്റെ പല ഭാഗത്തും ഡ്രോണ്‍ കാണപ്പെട്ടതായി പറയുന്ന സംഭവത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇതിനായി വ്യോമസേന, ഐ.എസ്.ആര്‍.ഒ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സേവനവും പോലീസ് തേടിയിട്ടുണ്ട്. ‘ഓപ്പറേഷന്‍ ഉഡാന്‍’ എന്നാണ് അന്വേഷണത്തിന് പോലീസ് നാമകരണം ചെയ്തിരിക്കുന്നത്. പോലീസിന്റെ വിവിധ ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ കാണപ്പെട്ട ഡ്രോണ്‍ കളിപ്പാട്ടമായിരിക്കാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഡ്രോണ്‍ പറത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നേരത്തെതന്നെ പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

അടുത്തിടെ നഗരത്തില്‍ ഡ്രോണ്‍ കാണപ്പെട്ടതായി പറയപ്പെടുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് പോലീസ് അറിയിച്ചു.