ഗോ സംരക്ഷണത്തിനിടയിലും മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി കൂടുന്നു; കയറ്റുമതിയുടെ 46.78 ശതമാനവും യുപിയില്‍ നിന്ന്

ബീഫ് കഴിക്കുകയും കൈവശം വെക്കുകയും ചെയ്യുന്നവർ പോലും പശു സംരക്ഷകരുടെ ആക്രമണത്തിന് തുടര്‍ച്ചയായി ഇരയാകുന്നതിനിടയിലും നരേന്ദ്ര മോദി ഭരണകാലത്ത് പോത്തിറച്ചി കയറ്റുമതിയിൽ ഇന്ത്യ വൻ കുതിപ്പ് രേഖപ്പെടുത്തിയതായി കണക്കുകൾ.

2016-2017ൽ 13,30,013 മെട്രിക് ടൺ ഇറച്ചി ഇന്ത്യ കയറ്റുമതി ചെയ്തപ്പോള്‍ 2017-18ൽ ഇത് 13,48,225 മെട്രിക് ടൺ ആയി വര്‍ധിച്ചു. രണ്ട് ശതമാനത്തോളം വര്‍ധന.

വിയറ്റ്നാം, മലേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള ബീഫിന്‍റെ മുഖ്യ ഇറക്കുമതിക്കാരെന്നും വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട്സ് ഡെവലപ്പ്മെന്‍റ് അതോറിറ്റി (എ.പി.ഇ.ഡി) യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേ സമയം ഇറച്ചി കയറ്റുമതിയിൽ രണ്ട് ശതമാനത്തിന്‍റെ വർധന കാണിക്കുമ്പോഴും മൂല്യത്തിൽ 314.71 കോടി രൂപയുടെ കുറവുമുണ്ട്.

2016-17 കാലയളവിൽ കയറ്റുമതി മൂല്യം 26,303.16 കോടി രൂപയായിരുന്നത് 2017-18ല്‍ 25,988.45 കോടിയായി കുറഞ്ഞു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശില്‍ നിന്നാണ് കയറ്റുമതിക്കുള്ള 46.78 ശതമാനം പോത്തിറച്ചിയും സംഭരിക്കുന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014 ആണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറച്ചി കയറ്റുമതി ചെയ്തത്. 2013-2014ൽ 13,65,643 മെട്രിക് ടൺ ഇറച്ചി കയറ്റുമതി ചെയ്ത സ്ഥാനത്ത് 2014-2015ൽ ഇത് 14,75,540 മെട്രിക് ടൺ ആയി ഉയർന്നു. പത്ത് വർഷത്തെ ഏറ്റവും ഉയർന്ന അളവായിരുന്നു ഇത്.

സെപ്തംബറിൽ ഗോമാംസം കൈവശം വെച്ചതായി ആരോപിച്ച് ഗോരക്ഷാ ഗുണ്ടകൾ മുഹമ്മദ് അഖ്ലാക്കിനെ മർദിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ആ വർഷം ഇറച്ചി കയറ്റുമതിയിൽ കുറവ് വന്നു.

എന്നാൽ തുടർന്ന് വന്ന രണ്ട് സാമ്പത്തിക വർഷത്തിലും ഇറച്ചി കയറ്റുമതിയിൽ വർധനയുണ്ടായി. 2016-2017ൽ കയറ്റുമതിയിൽ 1.2 ശതമാനം വർധിച്ച് 13,30,013 മെട്രിക് ടൺ ആയി ഉയർന്നു. 2017-2018ൽ കയറ്റുമതി മുൻ വർഷത്തേതിനേക്കാൾ 1.3 ശതമാനം വർധിച്ച് 13,48,225 മെട്രിക് ടൺ ആയി.

ലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാണ് ഇന്ത്യ. വർഷത്തിൽ 400കോടി ഡോളറിന്‍റെ പോത്തിറച്ചിയാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News