ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും ആദരവുള്ള നേതാക്കള്‍ രാജ്യത്തിന്‍റെ ഭരണതലപ്പത്ത് വരണം: കെസിബിസി

ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും ആദരവുള്ള നേതാക്കള്‍ രാജ്യത്തിന്‍റെ ഭരണതലപ്പത്ത് വരണമെന്ന് കെ സി ബി സി.

ജനാധിപത്യ മതേതര കാ‍ഴ്ച്ചപ്പാടില്‍ നിന്നും വ്യതിചലിപ്പിക്കുന്ന രാഷ്ട്രീയ നിലപാടിനെ കത്തോലിക്കാ സഭ പിന്തുണയ്ക്കില്ലെന്നും കെ സി ബി സി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് സര്‍ക്കുലറില്‍ പറയുന്നു.

കത്തോലിക്ക സഭയ്ക്ക് ഏതെങ്കിലും മുന്നണിയോടൊ പാര്‍ട്ടിയോടൊ സ്ഥാനാര്‍ഥിയോടൊ ആഭിമുഖ്യമില്ലെന്നും കെ സി ബി സി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഭരണഘടനയുടെ അടിസ്ഥാന ശിലകളെ ഇളക്കുന്ന പ്രത്യയ ശാസ്ത്രങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളും പാര്‍ട്ടിയും അധികാരത്തില്‍ വരുന്നത് ആപത്താണെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനാപരമായ തുല്യതയും പരിഗണനയും ന്യൂനപക്ഷങ്ങള്‍ക്ക് ആസൂത്രിതമായി നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്.

സഭാംഗങ്ങളുടെ രാഷ്ടീയ സ്വാതന്ത്ര്യത്തില്‍ സഭ ഇടപെടാറില്ല.എന്നാല്‍ ഭരണഘടനാ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സമഗ്രപുരോഗതിയും ഉറപ്പുവരുത്തുന്നതിനും ക‍ഴിവുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്.

സഭാംഗങ്ങള്‍ തങ്ങളുടെ വോട്ടവകാശം ഉത്തരവാദിത്തത്തോടെയും വിവേകത്തോടെയും വിനിയോഗിക്കണം. മതത്തിന്‍റെ പേരില്‍ ഉയര്‍ന്നുവരുന്ന എല്ലാ തീവ്രവാദ ഭീകരവാദ നിലപാടുകളെയും വിട്ടുവീ‍ഴ്ച്ചയില്ലാതെ ചെറുത്തുതോല്‍പ്പിക്കുന്നതോടൊപ്പം എല്ലാ മത സാംസ്ക്കാരിക ധാരകളെയും രാഷ്ട്രപുരോഗതിക്കായി ചേര്‍ത്തുനിര്‍ത്തുന്ന രാഷ്ട്രീയ നേതൃത്വം ഉണ്ടാകണം.

മതം ഭാഷ,ജാതി,സമ്പത്ത്,ഭക്ഷണരീതി എന്നിവയുടെ പേരില്‍ ഒരാളും ശാരീരിക ആക്രമണത്തിന് ഇരയാകേണ്ടി വരരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

കെ സി ബി സി ക്ക് വേണ്ടി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പുറത്തിറക്കിയ ഈ സര്‍ക്കുലര്‍ അടുത്ത മാസം 7ന് കത്തോലിക്കാ സഭയ്ക്ക് കീ‍ഴിലുള്ള മു‍ഴുവന്‍ പള്ളികളില്‍ വായിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here