കൊടും ചൂടില്‍ വെന്തുരുകി കേരളം; അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു

കൊടും ചൂടില്‍ വെന്തുരുകി കേരളം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ അതീവ ജാഗ്രതാ നിർദേശം നാളെ വരെ തുടരും. സൂര്യാഘാതമേൽക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. കടുത്ത ജഗ്രതയും പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കി ആരോഗ്യവകുപ്പും രംഗത്തുണ്ട്.

വെന്തുരുകുകയാണ് കേരളം. വയനാട്, ഇടുക്കി ഒഴികെയുളള 12 ജില്ലകളിലും നാളെ വരെ സൂര്യാഘാത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മറ്റ് ജില്ലകളിൽ താപനില രണ്ടു മുതൽ നാല് ഡിഗ്രി സെലഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നിറിയിപ്പ്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിരിക്കുന്നത്.

പാലക്കാടും പുനല്ലൂരും ഇതിനോടകം താപനില 40 ഡിഗ്രി കടന്നു ക‍ഴിഞ്ഞു. ഇൗ രീതിയിൽ ചൂട് ഉയരുകയാണെങ്കിൽ 50 ഡിഗ്രി വരെയെത്തുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാന വ്യാപകമായി സൂര്യാഘാതമേൽക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഇൗ സാഹചര്യത്തിൽ യാതൊരു കാരണവശാലും ആരും പകൽ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കരുതെന്ന് ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിയിറ്റിയും ആവർത്തിച്ചു.

പൊള്ളിക്കുന്ന അസാധാരണ ചൂടിനെ ശമിപ്പിക്കാൻ വേനൽമഴ എത്തിയില്ലെങ്കിൽ ഉഷ്ണതരംഗ സാധ്യതയും സംസ്ഥാനത്ത് നിലനിൽക്കുന്നു.

എല്‍നീനോ പ്രതിഭാസത്തിന്‍റെ സ്വാധീനം തുടരുന്നതിനാലാണ് വേനല്‍മഴയ്ക്ക് സാധ്യത കുറയുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം പകര്‍ച്ചവ്യാധിയും ഭീഷണി ഉയർത്തുന്നുണ്ട്. ആരോഗ്യവകുപ്പ് പ്രത്യേക ഡ്രൈവുകളും ഇതിനെതിരെ ഉർജ്ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel