കഥകള്‍ പറഞ്ഞുകൊടുക്കൂ; മക്കള്‍ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കും

കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ അച്ഛനമ്മമാര്‍ സ്വപ്നങ്ങള്‍ നെയ്ത് തുടങ്ങും. മക്കളെ ഐ എ എസ്സുകാരാക്കണോ ഐ പി എസ്സുകാരാക്കണോ ഡോക്ടറാക്കണോ എഞ്ചിനീയറാക്കണോ എന്നതിനെക്കുറിച്ച് ആലോചനകള്‍ തുടങ്ങും.

പലര്‍ക്കും അവര്‍ നിശ്ചയിച്ച വ‍ഴിയിലൂടെ മാത്രമേ മക്കള്‍ നടക്കാവു എന്ന വാശിയായിരിക്കും. അഞ്ച് വയസ്സ് മുതല്‍ തന്നെ സിവില്‍ സര്‍വീസിന് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ വരെ ഇന്ന് നിരവധിയുണ്ട്.

മക്കള്‍ സിവില്‍ സര്‍വീസുകാരാകണമെന്ന അച്ഛനമ്മമാരുടെ ഉല്‍ക്കട ആഗ്രഹത്തെ ചൂഷണം ചെയ്ത് പണം തട്ടുക എന്നതാണ് ഇത്തരം വാണിജ്യ താല്പര്യങ്ങളുടെ യഥാര്‍ത്ഥ ചാലക ശക്തി.

കുഞ്ഞുങ്ങളുടെ മനശാസ്ത്രം, ബുദ്ധി വികാസം, അഭിരുചി തുടങ്ങിയവയെക്കുറിച്ചുളള പ്രാഥമിക ജ്ഞാനം പോലുമില്ലാതെയാണ് പല മാതാപിതാക്കളും മക്കളെക്കുറിച്ചുളള തൊ‍ഴില്‍ സ്വപ്നങ്ങള്‍ പടുത്തുയര്‍ത്തുന്നത്.

രക്ഷിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായ ആഗ്രഹം മക്കള്‍ക്ക് ഉണ്ടാകുമ്പോള്‍ പലപ്പോ‍ഴും ഭിന്നത കലഹവും കുടുംബ പ്രശ്നവുമായി മാറും. ചില സന്ദര്‍ഭങ്ങളില്‍ കാര്യങ്ങള്‍ ആത്മഹത്യയിലുമെത്തും.

സാരോപദേശ കഥകള്‍ പറയൂ
——————————————-
ലോക പ്രശസ്ത ശിശുരോഗ വിദഗ്ധയും “കുട്ടികളുടെ തലച്ചോറ്” എന്ന വിഖ്യാത പുസ്തകത്തിന്‍റെ രചിതാവുമായ ഡോക്ടര്‍ ലൗറ ജന ഈ വിഷയത്തെക്കുറിച്ച് ആധികാരിക പഠനം നടത്തിയിട്ടുണ്ട്.

അച്ഛനമ്മമാര്‍ക്ക് മക്കളുടെ ജീവിത വൃത്തിയെക്കുറിച്ച് സ്വപ്നങ്ങളും മുന്‍വിധികളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് ലൗറ ജനയുടെ അഭിപ്രായം.  എന്നാല്‍ ഇവ യാഥാര്‍ത്ഥ്യമാക്കുന്നതിനായുളള മാര്‍ഗ്ഗം മനശാസ്ത്രപരമായിരിക്കണമെന്ന് ലൗറ നിര്‍ദ്ദേശിക്കുന്നു

“ആഗ്രഹിക്കുന്ന തൊ‍ഴില്‍ ലഭിച്ചേ തീരൂ എന്ന ആസക്തി ഉണ്ടാകണം. ഈ ആസക്തി കുഞ്ഞുനാളിലേ കുരുന്നു മനസ്സുകളില്‍ ബീജാവാപം ചെയ്താല്‍ ദൗത്യം എളുപ്പമാകും.

പീഡനത്തിലൂടെ ഇത്തരം ആസക്തികള്‍ ഉണ്ടാക്കാനാകില്ല. ആ തൊ‍ഴില്‍ മേഖലയുമായി ബന്ധപ്പെട്ടുളള സാരോപദേശ കഥകള്‍ പറഞ്ഞു കൊടുക്കുക എന്നതാണ് അച്ഛനമ്മമാര്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്”

കഥകള്‍ സദുദ്ദേശ്യപരമാകണം. കുട്ടിയെ ഡോക്ടര്‍ ആക്കണമെന്ന് ആഗ്രഹിക്കുന്ന അച്ഛനമ്മാര്‍ കുട്ടിക്ക് ആതുരസേവനത്തിലൂടെ ലോകത്തെ മാറ്റിമറിച്ച ഡോക്ടര്‍മാരുടെ കഥയും അധ്യാപകനാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അധ്യാപനത്തിലൂടെ മാതൃകാപരമായ പ്രവര്‍ത്തനം കാ‍ഴ്ച്ചവെച്ചവരുടെ കഥകളും പറഞ്ഞ് കൊടുക്കണം.

സദുദ്ദേശ്യപരമായ ആസക്തി കുട്ടികളില്‍ മത്സരബുദ്ധിയുണ്ടാക്കും. വളര്‍ന്ന് വരുമ്പോള്‍ അവര്‍ ലക്ഷ്യം കൈവരിക്കും. സദുദ്ദേശ്യപരമായ തൊ‍ഴില്‍ ആസക്തി ഉണ്ടായാലും വളര്‍ന്ന് വരുമ്പോള്‍ അഭിരുചിയില്‍ മാറ്റം ഉണ്ടാകും.

ഡോക്ടറാകാന്‍ ആഗ്രഹിച്ച കുട്ടിക്ക് വളര്‍ന്ന് വരുമ്പോള്‍ മറ്റേതെങ്കിലും തൊ‍ഴില്‍ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടാകാം. അങ്ങനെയെങ്കില്‍ അച്ഛനമ്മാര്‍ എന്ത് ചെയ്യണം?

ഡോക്ടര്‍ ലൗറ ജനയുടെ മറുപടി ഇങ്ങനെ;
“അവരെ അവരുടെ പാട്ടിന് വിടുക”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News