മുതിര്‍ന്ന തമി‍ഴ്നടന്‍ രാധാ രവിക്കെതിരെ നടപടിയാവശ്യപ്പെട്ട നടി നയന്‍താരയെ പിന്തുണച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്.

രാധാ രവിക്കെതിരെ നടപടിയെടുക്കണമെന്നും നയന്‍താര ആവശ്യപ്പെട്ടതുപോലെ സുപ്രീംകോടതി വിധി പ്രകാരമുള്ള അന്വേഷണ സമിതി രൂപീകരിക്കാന്‍ ഉടന്‍ സിനമാ സംഘടന തയ്യാറാകണെന്നും ഡബ്ല്യുസിസി ആവശ്യപ്പെടുന്നു.

ഡബ്ല്യുസിസി യുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ചുവടെ.

തമിഴ് സിനിമയിലെ മുതിർന്ന നടനായ രാധ രവി ഈയിടെ നടത്തിയ വ്യക്തിഹത്യ, നമ്മുടെ സിനിമ ലോകത് നിൽക്കുന്ന വേരുറച്ച പുരുഷാധിപത്യത്തിന്റെ നേർക്കാഴ്ചയാണ്.

ആർക്ക് നേരെയും ഏതു തരത്തിലുമുള്ള സ്വഭാവഹത്യയും തികച്ചും നിന്ദ്യവും ഒരിക്കലും അനുവദിക്കാൻ ആവാത്തതുമാണ്.

ഞങ്ങളുടെ സഹപ്രവർത്തക തന്റെ ഔദ്യോഗിക മറുപടിയിൽ വ്യക്തമായി ആവശ്യപ്പെട്ടിരിക്കുന്നത് സംഘടനകളിൽ സുപ്രീം കോർട്ട് വിധി പ്രകാരമുള്ള ഇന്റെർണൽ കംപ്ലയിന്റ് കമ്മിറ്റി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ്.

രാജ്യം അനുശാസിക്കുന്ന നിയമങ്ങൾ ഒരുവിധം എല്ലാ മേഖലകളിലും പാലിക്കപ്പെടുമ്പോളും സിനിമ മേഖലയിൽ ഈ ഭേദഗതി നിലവിൽ വരാത്തത് അത്യധികം ആശങ്കയുളവാക്കുന്ന ഒരു വസ്തുതയാണ്.

തന്റെ പ്രവർത്തന മേഖലയിൽ സ്തുത്യർഹമായ വിജയവും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ഒരു കലാകാരിക്ക്, തന്റെ സംഘടനയോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ട സ്ഥിതിവിശേഷം ആണിന്ന് നിലവിൽ ഉള്ളത്.

കേരള ഹൈ കോടതിയിൽ സമർപ്പിച്ച റിറ്റ് പെറ്റീഷനിൽ മലയാള സിനിമയിലെ സംഘടനകളോടും ആവശ്യപ്പെട്ടതും ഇത് തന്നെ ആണ്.

നടികർ സംഘം നയൻതാരക്ക് പിന്തുണ പ്രഖ്യാപിക്കുകയും, രാധ രവിയുടെ പ്രസംഗത്തെ അപലപിക്കുകയും ചെയ്തത് കൂടാതെ, ഭാവിയിൽ ഇത് പോലെയുള്ള അഭിപ്രായപ്രകടങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ശക്തമായ ഭാഷയിൽ താക്കീതും നൽകിയിട്ടുണ്ട്.

തങ്ങളുടെ ആശങ്കകൾക്ക് പരിഗണ നൽകാത്ത, ക്യാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന അറിയപ്പെടാത്ത അനവധി മുഖങ്ങൾ തങ്ങളുടെ പ്രശ്നങ്ങളും പരാതികളും എവിടെ ബോധിപ്പിക്കുമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. നിശബ്ദത വെടിഞ്ഞു ചോദ്യങ്ങൾ ചോദിക്കാൻ മുന്നോട്ട് വന്ന നയൻതാരക്കൊപ്പം!