കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ മതനിരപക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വര്‍ഗീയ ശക്തികളെയും യാഥാസ്ഥിതികരെയും ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ കൈകൊര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് മതമോ ജാതീയമോ ആയ ഭിന്നത വന്നുകൂട.

അധികാരമുപയോഗിച്ച് മതനിരപേക്ഷത തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കെപിഎംഎസിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വര്‍ഗീയ ശക്തികളെയും യാഥാസ്ഥിതികരെയും ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ കൈകൊര്‍ക്കണമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കെപിഎംഎസ്സിന്റെ 48ാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്കുനേരെ വലിയ കടന്നാക്രമണങ്ങളാണ് നടന്നത്.

ദളിത് ജനവിഭാഗം അനുഭവിക്കുന്ന ദുരവസ്ഥ ചര്‍ച്ച ചെയ്യാതെ രാജ്യത്തിന് മുന്നോട്ട് പോകാനാവില്ല. ഇത്തരം ജാതീയമായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഭരണാധികാരികള്‍ ചെറുവിരല്‍ അനക്കിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന മെച്ചപ്പെട്ട അവസ്ഥ കേരളത്തിലുണ്ട്. നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇടപെടലാണ് ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍.

എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജാതി, മത ഭേദമന്യേ എല്ലാവരും രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കെപിഎംഎസ് പ്രസിഡന്റ് വി ശ്രീധരന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ബിനോയ് വിശ്വം എം പി, മേയര്‍ വി കെ പ്രശാന്ത്, എംഎല്‍എമാരായ വി കെ ഇബ്രാഹിംകുഞ്ഞ്, എം വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ സ്വാഗതവും പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News