തരൂർ തന്റെ വെജിറ്റേറിയനിസത്തെ കുറിച്ചാണ് ആ പ്രയോഗം നടത്തിയതെന്നു തന്നെയിരിക്കട്ടെ – ആ കുറ്റസമ്മതത്തിലൂടെ സ്ഥാപിക്കാന്‍ അയാള്‍ക്ക് മറ്റുചിലതുകൂടെയുണ്ട്

ശശി തരൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിനിടെ മത്സ്യത്തൊ‍ഴിലാളികളെ അപമാനിക്കുന്ന തരത്തില്‍ നടത്തിയ ട്വിറ്റര്‍ പോസ്റ്റിനെതിരെ വ്യാപകമായ എതിര്‍പ്പുകളാണ് ഉയര്‍ന്നുവന്നത്.

എന്നാല്‍ മലയാളികള്‍ക്കും ഇടതുപക്ഷത്തിനും തന്‍റെ ഇംഗ്ലീഷ് മനസിലാവാഞ്ഞിട്ടാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് പറഞ്ഞ ശശി തരൂര്‍ വൈകുന്നേരം തീരത്തുവന്ന് സെറ്റിട്ട ചന്തയില്‍ മത്സ്യം ഉയര്‍ത്തി രാഷ്ട്രീയ നാടകം കളിക്കുകയും ചെയ്തു.

ശശി തരൂരിന്‍റെ മറുപടികളോട് ചോദ്യങ്ങളുന്നയിച്ച് സെബിന്‍ എ ജേക്കബ് എ‍ഴുതിയ കുറിപ്പ് വൈറലാവുന്നു പോസ്റ്റ് ചുവടെ

തൃഷ്ണയെ ഉദ്ദീപിപ്പിക്കുന്ന വ്യവസായമാണ്, പോണോഗ്രഫി. ഗൂഢവും രഹസ്യവുമായ ആനന്ദങ്ങളെ പരസ്യവും ലാഭവുമാക്കുന്ന പരിപാടി. മനുഷ്യ നഗ്നതയെ മനോഹരമായി ചിത്രീകരിക്കുന്ന ആർട്ട് പോൺ മുതൽ രതിവൈകൃതങ്ങൾ ചിത്രീകരിക്കുന്ന തൊട്ടിപ്പടങ്ങൾ വരെ നീണ്ടുകിടക്കുന്ന വ്യവസായം.

അതിന്റെ ഒരറ്റത്തായി സ്ഥാനം പിടിച്ചിരിക്കുന്നയൊന്നാണ്, ഫുഡ് പോൺ. ഭക്ഷണത്തോട് ആസക്തിയുണ്ടാക്കുംവിധം ചിത്രീകരിക്കുന്നതിനെയാണ്, ഫുഡ് പോൺ എന്നു വിവക്ഷിക്കുന്നത്. മറ്റൊരാളുടെ കിടപ്പറയിലേക്കുള്ള നോട്ടംപോലെയാണ് മറ്റൊരാളുടെ ഭക്ഷണപ്പാത്രത്തിലേക്കുള്ള ഒളിനോട്ടവും.

അയാളുടെ / അവരുടെ പാത്രത്തിലെ ഭക്ഷണത്തിന്റെ ഭംഗി, രുചി, ഗന്ധം, നിറം എന്നിവയൊക്കെ നമ്മളും ആസ്വദിക്കുകയാണ്. ചില വേളയിൽ അയാളുടെ പാത്രത്തിലെ ഇല്ലായ്മയിൽ ആനന്ദിക്കയാണ്. അമാന്യവും അശ്ലീലവും അസഭ്യവുമാണത്.

എങ്കിലും നമ്മളെല്ലാം പലയളവിൽ അതു ചെയ്യാറുമുണ്ട്. റെസ്റ്ററന്റുകളും ഫുഡ് ചെയിനുകളും മറ്റും ഇന്ന് ഫുഡ് പോൺ സാധാരണമായ സംഗതിയാക്കി മാറ്റിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നമ്മളതിനെ ഐഡന്റിഫൈ ചെയ്യുന്നുപോലുമില്ല.

രതിയുമായും ഭക്ഷണവുമായും വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന ഋണാത്മകവികാരമാണ്, അറപ്പ്. കൊതിയും മതിയും തീരുമാറ് രതിയും ഭക്ഷണവും കിട്ടുന്നവർക്കുപോലും ചില രതിനിലകളോട്, ചില പങ്കാളികളോട്, ചില ആഹാരങ്ങളോട്, ആഹരിക്കുന്ന രീതിയോട് ഒക്കെ അറപ്പും വെറുപ്പും തോന്നാം. പോണോഗ്രഫിയിലെ ഡിസ്ഗസ്റ്റിങ് എന്നുപറയാവുന്ന ഒന്നാണ്, ഈ അറപ്പിന്റെ പ്രകടനം.

മാംസാഹാരികൾക്ക് എലിയെ തിന്നുന്നവരോടും നായ്ക്കളെ തിന്നുന്നവരോടും തോന്നുന്ന അറപ്പ്, സസ്യാഹാരികൾക്ക് മത്സ്യവും മാംസവും കഴിക്കുന്നവരോടു തോന്നുന്ന അറപ്പ്, ജൈനർക്ക് വെങ്കായവും ഉരുളക്കിഴങ്ങും കഴിക്കുന്ന സസ്യാഹാരികളോടു തോന്നുന്ന അറപ്പ്, ഫോർക്കും സ്പൂണും ഉപയോഗിക്കുന്നവർക്ക് കൈകൊണ്ടു കഴിക്കുന്നവരോടുള്ള അറപ്പ്, കൈകൊണ്ടു കഴിക്കുന്നവർക്ക് വാപൂട്ടാതെ കഴിക്കുന്നവരോടുള്ള അറപ്പ്,

വാ പൂട്ടാതെ കഴിക്കുന്നവർക്ക് എച്ചിലൊക്കെ ചുറ്റുപാടും തള്ളിയിട്ട് വലിച്ചുവാരിക്കഴിക്കുന്നവരോടുള്ള അറപ്പ്, എന്നിങ്ങനെ തികച്ചും disgusting ആയ, ജാതി പോലെ തന്നെ ശൃംഖലാബദ്ധമായ food porn-ന് സാമൂഹ്യ രാഷ്ട്രീയത്തിൽ പ്രകടമായ ഒരു പങ്കുവഹിക്കാനുണ്ട്.

ഭക്ഷണശീലങ്ങളിലെ എക്സ്ക്ലൂസീവിറ്റിയിലൂടെയാണ് ബ്രാഹ്മണിസം തങ്ങൾ വ്യത്യസ്തരാണെന്നും മറ്റുള്ളവർ വൃത്തിഹീനരാണെന്നും സ്ഥാപിച്ചെടുത്തത്. വ്യക്തിപരമായ ശീലാനുശീലങ്ങളെ സാമൂഹ്യമായ വേർതിരിവിനുള്ള മുഴക്കോലായി ഉപയോഗിക്കുകയാണിവിടെ. അത് പോണോഗ്രഫിയല്ലെങ്കിൽ പിന്നെ എന്താണ് പോണോഗ്രഫി?

മീൻചന്തയിൽ പോയി ചുളിഞ്ഞ മുഖഭാവത്തോടെ താൻ squeamishingly vegetarian ആണെന്നു കുറ്റസമ്മതം നടത്തുന്ന ശശി തരൂരിന് – തരൂർ തന്റെ വെജിറ്റേറിയനിസത്തെ കുറിച്ചാണ്, ആ പ്രയോഗം നടത്തിയതെന്നു തന്നെയിരിക്കട്ടെ – ആ കുറ്റസമ്മതത്തിലൂടെ സ്ഥാപിക്കാനുള്ളത് അവരൊക്കെ തന്റെ വോട്ടർമാരാണെങ്കിലും താൻ അവരിൽപെട്ടവനല്ല എന്നും എലീറ്റ് ആണ് എന്നുമാണ്. ‘ശുദ്ധശാകാഹാരി’ എന്ന പരികല്പന സമകാല ഇന്ത്യയിൽ വളരെ വലിയ വില്പനമൂല്യമുള്ള ചരക്കാണ്.

മാംസം ഭക്ഷിക്കുന്ന ബിജെപിക്കാരനേക്കാൾ സസ്യാഹാരിയായ കോൺഗ്രസുകാരനെ ഇഷ്ടപ്പെടുന്ന ഒരു വർഗനിലയെ കുറിച്ച് ബോധ്യമുള്ളയാളാണ്, തരൂർ.

കഴിഞ്ഞവർഷം വാഹനാപകടത്തിൽ പെട്ടു മരിച്ചുപോയ വയലിനിസ്റ്റ് ബാലഭാസ്കർ ഒരിക്കൽ ഒരിന്റർവ്യൂവിൽ താൻ കൂട്ടുകാരോടൊപ്പം പുറത്തുപോയി മത്സ്യവും മാംസവും കഴിക്കുമെന്നും എന്നാൽ തന്റെ വീട്ടിൽ അതൊന്നും വയ്ക്കുന്നത് ഇഷ്ടമല്ലെന്നും തന്റെ ഭാര്യ മത്സ്യമാംസാദികൾ കഴിക്കുന്നത് ആലോചിക്കാൻപോലുമാകില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.

അതുകൊണ്ട് വെജിറ്റേറിയൻ എന്നുറപ്പുള്ള ഒരാളെയാണ് പ്രേമിച്ചതും വിവാഹം കഴിച്ചതും. ഈ ഒരു മനോനിലയുള്ള ധാരാളംപേർ തിരുവനന്തപുരം പോലെ ഒരു നഗരത്തിലുണ്ട്. അവർ മാത്രമേ സാധാരണഗതിയിൽ ശശി തരൂരിന്റെ ട്വീറ്റ് കാണുകയുള്ളൂ.

മീൻപിടുത്തം ഉപജീവനമാർഗ്ഗമാക്കിയ തീരദേശത്തെ സാധാരണ വോട്ടർമാർ എത്രപേർ ട്വിറ്ററിലുണ്ടാകും? അങ്ങനെ ഒരു പ്രത്യേക വർഗപരിസരത്തിനെ ഉദ്ദേശിച്ച് നടത്തിയ ആ പ്രയോഗം അപ്രതീക്ഷിതമായി മറുപക്ഷം പരസ്യമാക്കിയതിനാലാണ് ഇപ്പോൾ ഓടിനടന്ന്, ആദ്യം പത്രം കൂട്ടിയും പിന്നീട് വെറും കൈകൊണ്ടും വലിയ മീൻ എടുത്തുപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഡാമേജ് മാനേജ്മെന്റ് നടത്താൻ അദ്ദേഹം നിർബന്ധിതനായത്. ശശി തരൂർ പ്രദർശനത്തിനുവച്ചിരിക്കുന്നത് ഫുഡ് പോൺ ആണ്. ശരീരവ്യാപാരത്തിന്റെ മഹത്വമേ, അതിനുമുള്ളൂ.

തന്റെ ഓറയ്ക്ക് മാറ്റുകൂട്ടുന്ന എലീറ്റിസ്റ്റ് മണ്ഡലത്തെ കൈയിലെടുക്കാൻ ശശി തരൂർ മുമ്പും ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഉദാഹരണമാണ്, ഇതോടൊപ്പം കൊടുത്തിരിക്കുന്ന രണ്ടുവർഷം മുമ്പുള്ള തരൂരിന്റെ ഈദ് ആശംസാ പോസ്റ്റ്. വളരെ പ്രശസ്തമായ ഒരു നേഴ്സറി റൈം ഉപയോഗിച്ചുള്ള മീമാണ്, തരൂർ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

നമ്മൾ പഠിച്ച, ‘മേരിക്കുണ്ടൊരു കുഞ്ഞാട്, മേനിവെളുത്തൊരു കുഞ്ഞാട്…” എന്ന നേഴ്സറിപ്പാട്ട് ഓർമ്മയില്ലേ? അതിന്റെ ഇംഗ്ലീഷ് ഒറിജിനൽ തുടങ്ങുന്നത് ഭൂതകാലത്തിലാണ്. Mary HAD a little lamb.

ആ ഭൂതകാലസൂചനയോടു ചേർത്ത് ഈദ് മുബാറൿ ആശംസിക്കുംമുമ്പ് Now She doesn’t എന്നു പറയാൻ ഒരു sick mindനു മാത്രമേ സാധിക്കൂ. കണ്ടാലാർക്കും ഓമനിക്കാൻ തോന്നുന്ന ഒരു ചെമ്മരിയാട്ടിൻകുട്ടിയുടെ ചിത്രം ഉപയോഗിച്ചാണ്, ഈ അങ്ങേയറ്റം അശ്ലീലമായ ഫുഡ് പോൺ ശശി തരൂർ പങ്കുവച്ചത്.

തരൂർ മത്സരിക്കുന്നത് തിരുവനന്തപുരത്തായതിനാൽ, ഇതു ലാഭമുള്ള കച്ചവടമാണ്. റസലിന്റെ why I am not a Christian എന്ന വിഖ്യാതപുസ്തകപ്പേരിന്റെ, കാഞ്ച ഐലയ്യയുടെ why I am not a Hindu എന്ന പുസ്തകപ്പേരിന്റെയൊക്കെ വിപരീതദീശയിൽ നിന്നുകൊണ്ട് why i am a Hindu എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന ശശി തരൂരിനെ ഇത്തരം nuances ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല.

എനിക്കു മീൻമണം ഇഷ്ടമാണ്. മീൻചന്തയിൽ പോയി ഞാൻ സുഖമായി എത്രനേരം വേണമെങ്കിലും നിൽക്കും. അതേസമയം ഒരു പച്ചക്കറിച്ചന്തയിൽ ചെന്ന്, അവിടുത്തെ ചീഞ്ഞളിഞ്ഞ പച്ചക്കറികൾ കൂട്ടിയിട്ടിരിക്കുന്നതിന്റെ അയലത്തു ചെന്ന് എനിക്ക് അരനിമിഷം ചെലവഴിക്കാനാവില്ല.

നിങ്ങളുടെ സസ്യാഹാരപ്രിയം പച്ചക്കറിച്ചന്തയുടെ ഓരത്തുകൂട്ടിയിട്ടിരിക്കുന്ന ചീഞ്ഞളിഞ്ഞ പച്ചക്കറികളുടേതിനു സമാനമാണ്. എനിക്കെന്റെ മീൻമണമുള്ള സഹോദരങ്ങളെ മതി.

PS: ഞാൻ സസ്യാഹാരപ്രിയനാണ്. മാംസവും മത്സ്യവും പാലും മുട്ടയും ഉപയോഗിക്കും. ഒപ്പം സസ്യഭക്ഷണവും. മേൽഖണ്ഡികയിൽ പറഞ്ഞതിന് ഒരർത്ഥമേയുള്ളൂ.

മനംമടുപ്പിക്കുന്ന മണം പച്ചക്കറി ചീഞ്ഞാലുമുണ്ടാകാം എന്ന്. അതായത്, കേടായ ഭക്ഷണമാണ് അകറ്റി നിർത്തേണ്ടത്. അതേപോലെ കേടായ മനസ്സുകളുടെ ഉടമകളെയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News