ബോളിവുഡിനെയും ഞെട്ടിച്ച് ലൂസിഫര്‍

മുംബൈ: റീലിസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണങ്ങളുമായി ഇതാദ്യമായി ഒരു മലയാള സിനിമ മുംബൈയിലും വെന്നിക്കൊടി പാറിക്കുന്നു. ഒപ്പമുള്ള ഹിന്ദി ചിത്രങ്ങളെ വെല്ലുന്ന ഇനീഷ്യലുമായാണ് ചിത്രം 34 കേന്ദ്രങ്ങളിലും മുന്നേറുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി തീയേറ്ററുകള്‍ ഇളക്കി മറിക്കുകയാണ് മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം. ഭാഷ അറിയാത്ത തീയേറ്റര്‍ സ്റ്റാഫും ഹാളിനുള്ളിലെ ആവേശത്തിന്റെ ത്രില്ലിലാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പുണ്ടോയെന്നാണ് ഇവരെല്ലാം ചോദിക്കുന്നത്.

ആദ്യ ദിവസത്തെ റിപോര്‍ട്ടുകള്‍ പുറത്തിറങ്ങിയതോടെയാണ് സിനിമാ കമ്പമില്ലാത്തവര്‍ പോലും കുടുംബസമേതം ചിത്രം കാണാനൊരുങ്ങുന്നത്. മികച്ച കച്ചവട തന്ത്രം ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ടെന്നാണ് ബോക്‌സ് ഓഫീസ് ഗുരുക്കന്മാരും അടക്കം പറയുന്നത്.

ബുക്ക് മൈ ഷോയില്‍ മിക്ക സെന്ററുകളിലെയും സ്റ്റാറ്റസ് ഒരു ദിവസം മുന്‍പ് തന്നെ ചുവപ്പ് നിറമാകുന്ന കാഴ്ച മുംബൈയില്‍ ഒരു മലയാള സിനിമക്ക് കിട്ടുന്ന അപൂര്‍വ ബഹുമതി കൂടിയാണ്.

ചിത്രത്തിന് കേരളത്തില്‍ പലയിടത്തും നിരവധി ഫാന്‍സ് ഷോകളാണ് ആരാധകര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇരുനൂറിലധികം ഫാന്‍സ് ഷോകള്‍ ആണ് കേരളത്തില്‍ മാത്രം സംഘടിപ്പിക്കുന്നതായാണ് വാര്‍ത്തകള്‍.

എറണാകുളം കവിതയില്‍ നടന്ന ഫാന്‍ ഷോയില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടോവിനോ ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ കുടുംബ സമേതമാണ് ചിത്രം കാണുവാനെത്തിയത്.

ഇതിനിടയില്‍ മുംബൈയിലും ഫാന്‍സ് ഷോ ഒരുക്കിയിരിക്കുകയാണ് ആരാധകര്‍. ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന് ബോളിവുഡിന്റെ ഈറ്റില്ലമായ മുംബൈയില്‍ ഒരു ഫാന്‍സ് ഷോ ഒരുങ്ങുന്നത്.മോഹന്‍ലാല്‍ ഫാന്‍സും പൃഥ്വിരാജ് ഫാന്‍സും സംയുക്തമായാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് അറിയുവാന്‍ കഴിഞ്ഞത്.

ചിത്രത്തിന്റെ മര്‍മ്മ പ്രധാനമായ കുറെ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത് മുംബൈയില്‍ ആണെന്ന പ്രത്യേകതയും ലൂസിഫറിന് സ്വന്തമാണ്. ഇതിനായി ഒരാഴ്ചയോളം ഭാണ്ഡൂപ്പിലെ പ്രത്യേകം തയ്യാറാക്കിയ സെറ്റില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ് , വിവേക് ഒബ്റോയ് തുടങ്ങിയ വലിയ താര നിര നഗരത്തില്‍ തമ്പടിച്ചിരുന്നു.

ഒടിയന്‍ എന്ന ബിഗ് ബജറ്റിന് ശേഷം ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. ഈ ചിത്രത്തിന്റെ റിലീസിനോടൊപ്പം തന്നെ മരക്കാര്‍ എന്ന എക്കാലത്തെയും വലിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞുവെന്നതും വിദഗ്ധമായ ആസൂത്രണത്തിന്റെ മേന്മയായി കണക്കാക്കാം.

മറ്റൊരു ചിത്രമായ ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈനയുടെ വര്‍ക്കുകള്‍ തുടങ്ങുന്നതോടെ മലയാള സിനിമാ വ്യവസായ രംഗത്തെ ശുക്രനക്ഷത്രമായി മാറിയിരിക്കയാണ് മോഹന്‍ലാല്‍ ആന്റണി കൂട്ടുകെട്ടില്‍ പിറന്ന ആശിര്‍വാദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel