”മത്സ്യമണമുള്ള അവന്റെ വള്ളത്തിലൂടെയാണ് കേരളത്തെ പ്രളയത്തില്‍നിന്ന് കരകയറ്റിയത്; അന്നൊന്നുമില്ലാത്ത മണം അധികാരത്തിന്റെ മത്തടിച്ചതിനാല്‍; മത്സ്യത്തൊഴിലാളിയുടെ മണം അവന്റെ വിയര്‍പ്പിന്റേതാണ്”: തരൂരിന് മറുപടിയുമായി ജൈസല്‍

മലപ്പുറം: മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള ശശി തരൂരിന്റെ വാക്കുകള്‍ വേദനിപ്പിച്ചെന്ന് പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ ലോക ശ്രദ്ധനേടിയ മത്സ്യത്തൊഴിലാളി കെ പി ജൈസല്‍.

ജൈസല്‍ പറയുന്നു:

”മത്സ്യത്തൊഴിലാളികള്‍ ആര്‍ക്കും വേണ്ടാത്തവരായിരുന്നു. എന്നാല്‍, ഞങ്ങളെ കേരളത്തിന്റെ സൈന്യം എന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തന്ന അംഗീകാരം എത്രയോ വലുതാണ്. അത് പകര്‍ന്ന ആത്മാഭിമാനവും ആത്മവിശ്വാസവും ചെറുതല്ല.

എന്നാല്‍, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ ട്വിറ്റര്‍ പോസ്റ്റ് ഞങ്ങളെ വേദനിപ്പിച്ചു. മത്സ്യത്തൊഴിലാളിയുടെ മണം അവന്റെ വിയര്‍പ്പിന്റേതാണ്, അന്നത്തിന്റെ മണമാണ്.”

”മത്സ്യമണമുള്ള അവന്റെ വള്ളത്തിലൂടെയാണ് കേരളത്തെ പ്രളയത്തില്‍നിന്ന് കരകയറ്റിയത്. അന്നൊന്നുമില്ലാത്ത മണം അധികാരത്തിന്റെ മത്തടിച്ചതിനാലാണ്. വിയര്‍ത്തൊലിച്ചും വിശപ്പുസഹിച്ചും രക്ഷാപ്രവര്‍ത്തനം നടത്തിയ തീരദേശത്തുള്ള മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ചത് വേദനയുണ്ടാക്കി.”

”യുഡിഎഫിന്റെ ഒരു നേതാവുപോലും തരൂരിന്റെ വാക്കുകള്‍ മോശമായിരുന്നുവെന്ന് പറയാത്തതിലും ദുഃഖമുണ്ട്.”- ജൈസല്‍ പറഞ്ഞു.

പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോര്‍മന്‍ കടപ്പുറത്ത് നടന്ന കുടുംബസംഗമത്തിലാണ് ജൈസല്‍ തന്റെ പ്രതിഷേധം അറിയിച്ചത്.

പ്രളയകാലത്ത് വെള്ളക്കെട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ബോട്ടില്‍ കയറാന്‍ പ്രയാസപ്പെട്ട സ്ത്രീകള്‍ക്ക് സ്വയം ചവിട്ടുപടിയായി മാതൃകയായ വ്യക്തിയാണ് ജൈസല്‍.

പ്രളയസമയത്ത് വേങ്ങര മുതലമാട്ടുവച്ചാണ് ബോട്ടില്‍ കയറാന്‍ പ്രയാസപ്പെട്ട സ്ത്രീകള്‍ക്ക് തന്റെ മുതുക് ജൈസല്‍ ചവിട്ടുപടിയാക്കി നല്‍കിയത്.

കടപ്പാട്: ദേശാഭിമാനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News