രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

ദില്ലി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും.എകെ ആന്‍റണിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

അമേഠിയ്ക്കൊപ്പം വയനാട്ടിലുമാണ് രാഹുല്‍ മത്സരിക്കുക. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് വയനാട്. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുലിന് താല്‍പര്യമുണ്ടെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നും നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങള്‍ മൂലം പ്രചരണരംഗത്ത് കോണ്‍ഗ്രസ് പിന്നിലായിരുന്നു. നേരത്തെ ടി സിദ്ദിഖിനെയായിരുന്നു വയനാട്ടിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ രാഹുല്‍ എത്തുമെന്നറിയിച്ചതിനെത്തുടര്‍ന്ന് സിദ്ദിഖ് പിന്മാറുകയായിരുന്നു.

ദേശീയ രാഷ്ട്രീയത്തില്‍ മോദിയ്ക്കെതിരെ മഹാസഖ്യം രൂപീകരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് കേരളത്തില്‍ വന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കെതിരെ മത്സരിക്കുന്നതിനെ  വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു.

മോദിയ്ക്കെതിരെയുള്ള നീക്കങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെ പിന്നോട്ടടിക്കുകയാണ് ഈ നീക്കം. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന 3 പിസിസി കളുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് തീരുമാനം.

കർണാടകയിലെ ചാമരാജ് നഗർ, തമിഴ്നാട്ടിലെ തേനി ഉൾപ്പെടെയുള്ള 2 സംസ്ഥാനങ്ങളിലെ വിവിധ ലോക്സഭാമണ്ഡലങ്ങളുമായി അതിർത്തി പങ്കിടുന്നതിനാലാണ് മത്സരിക്കാൻ വയനാട് തെരഞ്ഞെടുത്തതെന്നാണ് വിശദീകരണം. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചതോടെ ബിജെപിയുടെ പരാജയമാണ് ലക്ഷ്യമെന്ന കോൺഗ്രസ് വാദം പൊളിഞ്ഞെന്ന് സി പി ഐ എം പൊളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here