ഒരു ബോളില്‍ ഡബിള്‍ വിക്കറ്റ്; ചൂടുകാലത്ത് പാന്റിന് പകരം ഷോര്‍ട്‌സ്; സ്ലിപ്പിന് സമീപം കമന്റേറ്റര്‍മാര്‍; ടോസിന് പകരം ട്വിറ്റര്‍ പോളിംഗ്: ക്രിക്കറ്റില്‍ സമഗ്ര മാറ്റങ്ങളുമായി ഐസിസി; ഏപ്രില്‍ ഫൂള്‍ സംശയമെന്ന് ആരാധകര്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുന്‍നിര്‍ത്തി ടെസ്റ്റ് ക്രിക്കറ്റില്‍ വന്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഐസിസി പുറത്തുവിട്ട ട്വീറ്റ് ക്രിക്കറ്റ് താരങ്ങളെയും ആരാധകരരെയും ഒരുപോലെ ആശയകുഴപ്പത്തിലാക്കുന്നു.

ടോസിന് പകരം ട്വിറ്റര്‍ പോളിങ്ങിലൂടെ ഏത് ടീമിന് ബാറ്റിങ്ങ് അല്ലെങ്കില്‍ ബൗളിങ്ങ് എന്ന് തീരുമാനിക്കുമെന്നാണ് ഐസിസി നിര്‍ദേശിക്കുന്ന പ്രധാന മാറ്റം.

അതായത് ടെസ്റ്റില്‍ ഏതു ടീം ബാറ്റു ചെയ്യണം, ബൗള്‍ ചെയ്യണം എന്നൊക്കെ ആരാധകര്‍ക്ക് വീട്ടിലിരുന്ന് തീരുമാനിക്കാം. ട്വിറ്ററില്‍ ആരാധകര്‍ രേഖപ്പെടുത്തുന്ന വോട്ടിന്റെ ശതമാനം നോക്കിയാകും തീരുമാനം.

ഒരു ബോളില്‍ ഇരട്ട വിക്കറ്റ് എന്ന സാധ്യതയും ഐസിസി മുന്നോട്ടുവെയ്ക്കുന്നു. ഇതിലൂടെ ക്യാച്ചിലൂടെ ബാറ്റ്‌സ്മാന്‍ പുറത്തായാല്‍ അതേ പന്തില്‍ തന്നെ മറ്റേ ബാറ്റ്‌സ്മാനെ റണ്‍ഔട്ടാക്കാനുള്ള അവസരമാണ് ഫീല്‍ഡിങ്ങ് ടീമിന് ലഭിക്കുക.

ടെസ്റ്റ് കളിക്കുന്നത് ചൂടുകാലത്ത് ആണെങ്കില്‍ താരങ്ങള്‍ക്ക് ഷോര്‍ട്‌സ് ധരിക്കാം. ചൂട് 35 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ മാത്രമാണ് ഈ അവസരമുള്ളത്.

പവലിയനിലെ ബോക്‌സിലിരുന്ന് കളി പറയുന്ന കമന്റേറ്റര്‍മാരുടെ സ്ഥാനം ഗ്രൗണ്ടില്‍ സ്ലിപ്പിന് സമീപം നിര്‍ത്തുന്നതാണ് മറ്റൊരു മാറ്റം. ടിവി ചാനലുകള്‍ക്ക് കമന്റേറ്റര്‍മാരെ ഫീല്‍ഡില്‍ നിര്‍ത്തുന്നതിന് കൃത്യമായ സമയപരിധിയുണ്ടാകുമെന്നും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഐസിസി പുറത്തുവിട്ട നിര്‍ദേശങ്ങളില്‍ പറയുന്നു.

ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന വാക്കുകളിലും ഐസിസി മാറ്റം വരുത്തിയിട്ടുണ്ട്. നോ ബോളിന് പകരം ഫോള്‍ട്ട്‌സ് എന്നും ഡോട്ട് ബോളിന് പകരം എയ്‌സസ് എന്നുമാണ് പുതിയ വാക്കുകള്‍.

താരങ്ങളുടെ ജേഴ്‌സിയിലും ഐസിസി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ ജേഴ്‌സിയില്‍ നമ്പറിനൊപ്പം ഓരോ താരത്തിന്റേയും ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലും പ്രിന്റ് ചെയ്യും.

ഉദാഹരണത്തിന് വിരാട് കോഹ്ലിയുടെ പേര് ജേഴ്‌സിയില്‍ @VIRAT.KOHLI എന്നായിരിക്കും രേഖപ്പെടുത്തുക. ടെസ്റ്റ് ക്രിക്കറ്റിലേക്ക് യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു മാറ്റം വരുത്തിയതെന്നാണ് വിശദീകരണം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീമുകള്‍ ഒരേ പോയിന്റ് പങ്കിട്ടാല്‍ എവേ റണ്‍സിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയിയെ തീരുമാനിക്കുകയെന്നും ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് ക്രിക്കറ്റില്‍ രാത്രി നേടുന്ന റണ്‍സ് ഇരട്ടിയായാണ് കണക്കു കൂട്ടുകയെന്നും ഐസിസി ട്വിറ്റര്‍ പോസ്റ്റില്‍ വിശദീകരിക്കുന്നു.

2019 ജൂലൈയില്‍ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021ലാണ് അവസാനിക്കുക. ടെസ്റ്റ് റാങ്കിങ്ങുള്ള 12 രാജ്യങ്ങളില്‍ 9 രാജ്യങ്ങളാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. എല്ലാ ടീമുകളും ആറ് സീരിസ് വീതം കളിക്കും. ആഷസ് പരമ്പര പോലുള്ള മത്സരങ്ങളും ഈ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here